Saturday, April 28, 2018

മാവ് കൃഷി


മൂപ്പെത്തിയ വിത്തുകളിൾ നിന്നാണ് തൈകൾ ഉത്പാദിപ്പിക്കുന്നത്. വിത്തിൽ നിന്നുത്പാദിപ്പിക്കുന്ന തൈകൾക്ക് മാതൃസസ്യത്തിന്റെ ഗുണം കുറയുമെങ്കിലും ആയുസ്സ് നൂറോളം വർഷമുണ്ട്.
അലൈംഗിക പ്രജനന രീതിയായ സ്റ്റോൺ ഗ്രാഫ്റ്റിംഗ് മേൽത്തരം തൈ നിർമ്മാണ രംഗങ്ങളിൽ കണ്ടുവരുന്നു. ഇവയ്ക്ക് ശരാശരി എൺപത് വർഷം ആയുസ്സുണ്ട്. മാതൃ വൃക്ഷത്തിന്റെ ഗുണം കൂടുതലാ‍യിരിക്കും.
ഒന്നോ രണ്ടോ ആഴ്ച പ്രായമുള്ളതും വലുപ്പവും ആരോഗ്യവും ഒത്തിണങ്ങിയ വിത്തുമുളപ്പിച്ച തൈയ്ച്ചെടിയെ സ്റ്റോക്കായി ഒട്ടിക്കാൻ തെരഞ്ഞെടുക്കുന്നു. ഇതിന്റെ ഇലകളുടേയും തണ്ടിന്റേയും ചെമ്പ് നിറം മാറുന്നതിന് മുൻപ് ഒട്ടിക്കുകയും വേണം.
സ്റ്റോക്കിന്റെ മുകൾ ഭാഗത്ത് 10 സെ. മീ. അകലത്തിൽ മുറിച്ചശേഷം മുകൾ ഭാഗത്ത് മധ്യ ഭാഗത്തിലൂടെ 2-3 സെ.മീറ്റർ താഴ്ചയിൽ പിളർപ്പ് ഉണ്ടാക്കണം.സ്റ്റോക്കിന്റെ മുകൾ ഭാഗത്ത് ഒട്ടിക്കുന്നതിന്  ഇതേ വലുപ്പമുള്ള നല്ല ഇനത്തിലും ആരോഗ്യത്തിലുമുള്ള മാതൃവൃക്ഷശിഖരത്തെ ഒട്ടുകമ്പായി (സയോൺ) ഉപയോഗിക്കുന്നു.
സയോണിന്റെ 10 സെ.മീറ്റർ ഉയരത്തിലുള്ള ഇലകൾ അതിനോട് ചേർന്ന മുളപ്പിന് കോട്ടം തട്ടാതെ നീക്കം ചെയ്തശേഷം മുറിച്ചഭാഗം 2-3 സെ.മീറ്റർ വലുപ്പത്തിൽ ചരിച്ചുചെത്തി ആപ്പ് രൂപത്തിലാക്കണം.
സ്റ്റോക്കിന്റെ പിളർപ്പിൽ സയോണിന്റെ ആപ്പ്ഭാഗം ശ്രദ്ധയോടെ കടത്തി പോളിത്തീൻ നാട കെട്ടണം.ഇത് തണലത്ത് വച്ച് ചെറുതായി നനയ്ക്കണം. ഗ്രാഫ്റ്റ് വിജയമെങ്കിൽ മൂന്ന് നാലു ആഴ്ചയ്ക്കുള്ളിൽ തളിരുകൾ വരികയും ചെയ്യുംആറുമാസം മുതൽ ഒരു വർഷം വരെ പ്രായമായ നല്ല ആരോഗ്യമുള്ള ഗ്രാഫ്ട് തൈകളാണ് കൃഷിക്ക് അനുയോജ്യം.
ഗ്രാഫ്ട് തൈകൾക്ക് നല്ല സൂര്യപ്രകാശം അത്യാവശ്യമായതിനാൽ തുറസ്സായ സ്ഥലം കൂടുതൽ അഭികാമ്യം.
നീർവാർച്ചയും ജൈവാംശവും ഉള്ള മണ്ണാണ് ഇവയ്ക്കു കൂടുതൽ അനുയോജ്യം.മെയ്- ജൂൺ മാസമാണ് തൈ നടാൻ അനുകൂലമെങ്കിലും ജല ലഭ്യതയ്ക്കനുസരിച്ച് എപ്പോഴും മാവ് നടവുന്നതാണ്.
കളിമണ്ണുള്ളിടത്താണെങ്കിൽ, ഒരു ഘന മീറ്റർ (1 മീ. നീളം, 1 മീ. വീതി, 1 മീ. താഴ്ച) ഉള്ള കുഴിയെടുത്ത് അതിൽ 10 കിലോ ഗ്രാം വീതം കമ്പോസ്റ്റ്, ചാണകപ്പൊടി, മേൽമണ്ണ് എന്നിവ നിറയ്ക്കണം. മണൽ പ്രദേശത്തണെങ്കിൽ അര - മുക്കാൽ ഘന മീറ്റർ കുഴിയും ആനുപാതിക മിശ്രിതവും മതിയാകും.കുഴിയുടെ മധ്യഭാഗത്ത് ചരിയാതേയും, കവർ നീക്കുമ്പോൾ വേരിന് ക്ഷതം തട്ടാതേയും കവറിലെ മൺ നിരപ്പിന് താഴാതേയും വേണം നടുന്നത്.കാറ്റിൽ ഒട്ടിപ്പിന് ഉലച്ചിലുണ്ടാകാതിരിക്കാൻ താങ്ങ് കമ്പ് പിടിപ്പിക്കുകയും വേണം.ഗ്രാഫ്റ്റിന് താഴേയുണ്ടാകുന്ന പൊടിപ്പുകൾ നീക്കം ചെയ്യേണ്ടതും ഗ്രാഫ്റ്റിന് മുകളിൽ മണ്ണ് വരാതിരിക്കേണ്ടതുമാണ്.
നാലു വർഷം വരേയുള്ള മാമ്പൂക്കൾ കായ്ക്കാനനുവദിക്കരുത്. അതു ചെറുതിലേ നീക്കംചെയ്യുകയും വേണം.മേയ്-ജൂൺ മാസങ്ങളിലാണ് വളപ്രയോഗം നടത്തേണ്ടത്. പച്ചിലവളം, വെണ്ണീറ്, ജൈവ വളം എന്നിവ ഉപയോഗിക്കാവുന്നതാണ്.
നാടൻ വിത്ത് ഗ്രോബാഗിലോ മറ്റ് ബാഗുകളിലോ നട്ട് ഒരുവർഷമെങ്കിലും കഴിഞ്ഞ് തടത്തിൽ നടാവുന്നതാണ്. കായ്ചുതുടങ്ങാത്തവയുടെ   തടിയിൽ നിന്നും 15-30 Cm അകലത്തിലും കായ്ചുതുടങ്ങിയവയുടെ ചുവട്ടിൽ നിന്നും 2.5-3Mtr. അകലത്തിൽ 30 CM താഴ്തി ചാലെടുത്ത് കുഴികുത്തി വളമിടേണ്ടത്.കാ‍യ്ചുതുടങ്ങിയവയ്ക്കു ജൂൺ, ആഗസ്റ്റ് മാസങ്ങളിലെ മഴയ്ക്കനുസരിച്ച് വർഷത്തിൽ രണ്ടുവട്ടം വളം നൽകാവുന്നതാണ്.
25Kg പച്ചിലവളവും 10 Kg വെണ്ണീറും വർഷത്തിൽ ലഭ്യമാക്കുന്നത് നന്ന്. ഇവ ഇടവപ്പാതി മഴയ്ക്ക് ചുവട്ടിൽ ഇടാവുന്നതാണ്.നാലഞ്ച് വർഷം വരേ വേനൽക്കാലത്ത് ആഴ്ചയിൽ രണ്ട് തവണ നനയ്ക്കേണ്ടതാണ്.



No comments:

Post a Comment