Showing posts with label Gardening. Show all posts
Showing posts with label Gardening. Show all posts

Friday, May 4, 2018

ഡാലിയ കൃഷി

ലോകമെമ്പാടും വളര്‍ത്തുന്ന മനോഹരവും പ്രസിദ്ധിയാര്‍ജ്ജിച്ചതുമായ ഒരു പുഷ്പസസ്യമാണ് ഡാലിയ. ചെടിച്ചട്ടികളിലും തറയിലും ഒരുപോലെ അനായാസമായി വളര്‍ത്തുവാന്‍ കഴിയുന്നു.സ്വീഡനിലെ പ്രമുഖ സസ്യശാസ്ത്രജ്ഞനായ ആന്ദ്രേ ഡാലിന്‍റെ ഓര്‍മ്മയ്ക്കാണു ഡാലിയ എന്ന പേരു നല്‍കിയത്.
കൃഷി ചെയ്യുവാന്‍ ഉപയോഗിക്കുന്ന ഡാലിയ ചെടികളെ 7 വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു.
1.   നക്ഷത്രപൂക്കള്‍. ഇതിന്‍റെ പൂക്കള്‍ ചെറുതാണ്. കൂര്‍ത്ത മുനമ്പുള്ള രണ്ടോ മൂന്നോ നിര ദളങ്ങള്‍ കാണുന്നു. അവ തമ്മില്‍ കടന്നു കിടക്കും വിധം പൂവില്‍ അടുക്കിയിരിക്കുന്നു. ദളങ്ങളുടെ അരികു പിറകോട്ടു വളഞ്ഞിരിക്കുകയും ഉള്‍ഭാഗം നേരിയ കുഴിയോടു കൂടി കാണപ്പെടുകയും ചെയ്യുന്നു. മധ്യഭാഗത്തു ഡിസ്ക്ക് പോലുള്ള ഭാഗം കാണുന്നു. വൈറ്റ് സ്റ്റാര്‍ എന്ന ഇനത്തിനാണു കേരളത്തില്‍ കൂടുതല്‍ പ്രചാരം.
2.   വയലുകളില്‍ കാണുന്ന അനിമോണ്‍ പൂക്കളുടെ സാദൃശ്യം. ചുറ്റുമായി ഒരു നിര ആര പുഷ്പകം കാണുന്നു. അവ മദ്ധ്യഭാഗത്തു കാണുന്ന കുഴല്‍ പോലുള്ള നീളമുള്ള പുഷ്പകങ്ങളുടെ ചുറ്റുമായാണ് കാണുന്നത്. ആകെക്കൂടി പെന്‍കുഷന്‍റെ ഒരു രൂപഭംഗി കൈ വരിക്കുന്നു. ഇവയ്ക്കു വലിയ പ്രചാരമില്ല. കോമെറ്റ് എന്ന ഇനത്തിനാണ് പ്രചാരം.
3.  ചെറിയ കഴുത്തു പട്ടപോലെ കാണുന്നതിനാല്‍ കോളാറിട്ടെ എന്നും പേരുണ്ട്. പൂക്കള്‍ക്കു 12-15 സെന്‍റീമീറ്റര്‍ വ്യാസം കാണുന്നു. ഏക പുഷ്പങ്ങളുടെ സാമ്യം. മദ്ധ്യഭാഗത്തു കാണുന്ന ഡിസ്കിനു ചുറ്റുമായി ആരപുഷ്പകങ്ങള്‍ ഒരു വളയംപോലെ രൂപം കൊണ്ടിരിക്കുന്നു. അതിനുമുപരിയായി വളയത്തിന്‍റെ അകവശത്തു നേര്‍ത്ത പുഷ്പങ്ങള്‍ കാണുന്നു. പുറത്തുകാണുന്ന പുഷ്പകങ്ങളുടെ പകുതി വലിപ്പമേ അവയ്ക്കു കാണുകയുള്ളൂ. സാധാരണയായി ആ ഒരു നിരയുടെ നിറവും വ്യത്യാസമായിരിക്കും. ലേഡിഫ്രണ്ട്, സ്കാര്‍ലൈറ്റ്ക്വീന്‍ എന്നിവയാണു പ്രചാരത്തിലുള്ള ഇനങ്ങള്‍.
4. പിയോണിയെന്നും പേരുണ്ട്. രണ്ടോ മൂന്നോ നിര പുഷ്പകങ്ങള്‍ മദ്ധ്യത്തുള്ള ഡിസ്കിനു ചുറ്റുമായി കാണുന്നു. അവ പരന്നു കാണപ്പെടുന്നു. പൂവിനു ഏകദേശം 17 സെ.മീ. വരെ വലിപ്പം കാണും.
5. ഡെക്കറേറ്റീവ് എന്നും പേരുണ്ട്. വളരെയധികം പ്രചാരമുള്ള ഇനമാണ്. പൂര്‍ണമായും ഡബിള്‍ ഇനങ്ങളാണ്. വിവിധ നിറത്തിലും വലിപ്പത്തിലും കാണുന്നു. പുഷ്പകങ്ങള്‍ ചുരുണ്ടുകാണപ്പെടുന്നു. ഈ വിഭാഗത്തില്‍ വലുതെന്നും മദ്ധ്യവലിപ്പമുള്ളവയെന്നും ചെറുതെന്നും മിനിയേച്ചര്‍ ടൈപ്പെന്നും നാലു ഇനങ്ങള്‍ ഉണ്ട്. വലുത് 20 സെ.മീറ്റര്‍ വലിപ്പവും മദ്ധ്യവലിപ്പമുള്ളവയ്ക്ക് 15-20 സെ.മീറ്ററും ചെറുത് 10-15 സെ.മീറ്ററും മിനിയേച്ചര്‍ ടൈപ്പ് 10 സെ.മീറ്ററും വ്യാസമുണ്ട്. ലിബറേറ്റര്‍, പീറ്റര്‍ റാംസേ, പീസ്, ഹൗസ് ഓഫ് ഓറഞ്ച്, ഓറഞ്ച് ബര്‍മാസ്, ചൈനീസ് ലാന്‍റ്റേണ്‍, മേരി റിച്ചാര്‍ഡ് എന്നിവയാണു പ്രധാന ഇനങ്ങള്‍.
6.  ഇവയെ പോംപണ്‍ ടൈപ്പ് എന്നും വിളിക്കുന്നു. ഇതും ഡബിള്‍ ഇനങ്ങളാണ്. ഇവയ്ക്ക് 5-10 സെ.മീറ്റര്‍ വലിപ്പമുണ്ട്. മുഴുവന്‍ പുഷ്പകങ്ങള്‍ കൊണ്ടു മൂടിയിരിക്കുന്നു. ഉരുണ്ടിരിക്കുന്നു. മദ്ധ്യഭാഗത്തുള്ള പുഷ്പകങ്ങള്‍ പുറമേ കാണുന്നവയില്‍ നിന്നും അല്‍പം ചെറുതാണ്. പുഷ്പകങ്ങളുടെ അരികു അകത്തേയ്ക്കു വളഞ്ഞു കാണുന്നു.
7. ഇവയെ കാകറ്റ്സ് ടൈപ്പ് എന്നു അറിയപ്പെടുന്നു. സാധാരണയായി മദ്ധ്യഭാഗത്തു ഡിസ്ക് കാണുന്നില്ല.  ദളങ്ങള്‍ ഉള്ളിലേയ്ക്ക് വളഞ്ഞിരിക്കുന്നു. അടിയില്‍ നിന്നു മുകളിലേയ്ക്കു ദളങ്ങള്‍ നേര്‍ത്തു കാണുന്നു. അതു പൂവിനു നക്ഷത്രത്തിന്‍റെ രൂപഭംഗി നല്‍കുന്നു. ദളങ്ങളുടെ അരികു ചെറുതായി പിളര്‍ന്നു കാണുന്നു. ഇതു പൂക്കള്‍ക്കു ഭംഗി കൂട്ടുന്നു. ഇതും വലുത്, ചെറുത്, മദ്ധ്യമം, മിനിയേച്ചര്‍ എന്നും നാലായി തരംതിരിച്ചിട്ടുണ്ട്. സില്‍വര്‍ വെഡ്ഡിംഗ്, നിറ്റ, കാപി സ്റ്റ്രാന്‍ഡ് മുതലായവയാണു പ്രധാന ഇനങ്ങള്‍.
                               വിത്തുപയോഗിച്ചു തൈ ഉണ്ടാക്കുകയാണു ഏറ്റവും എളുപ്പം. പൊക്കം കുറഞ്ഞ പെട്ടികളിലോ വിത്തുചട്ടികളിലോ മണ്ണുനിറച്ചു അതില്‍ നേര്‍മ്മയില്‍ വിത്തു പാകുന്നു. മണ്ണില്‍ ധാരാളം വായുരന്ധ്രങ്ങള്‍ ഉണ്ടായിരിക്കണം. അതിനുമുകളിലായി ഉണങ്ങിപൊടിഞ്ഞ കരിയില വിതറി നനച്ചുകൊടുക്കണം. മൂന്നോ നാലോ ആഴ്ചയ്ക്കുള്ളില്‍ വിത്തു കിളിച്ചുവരും. കിഴങ്ങുപയോഗിച്ചു വളര്‍ത്തുന്ന ഡാലിയക്കാണു കൂടുതല്‍ കൊഴുപ്പും ആരോഗ്യവും. കിഴങ്ങുമാത്രം മുറിച്ചെടുത്തു നടാന്‍ പാടില്ല. കിഴങ്ങു തണ്ടോടുകൂടി മുറിച്ചെടുത്തു വേണം പാകുവാന്‍. തണ്ടിലാണു മുകുളം കാണുന്നത്. ഈ മുകുളം കിഴങ്ങില്‍ നിന്നും ആഹാരം വലിച്ചെടുത്ത് പുഷ്ടിയായി വളരുന്നു. നടുന്നതിനു ഏതാനും ദിവസം മുന്‍പ് കിഴങ്ങുകള്‍ ഒരു പെട്ടിയില്‍ മണലുകൊണ്ടുമൂടി ഇരുട്ടുമുറിയില്‍ സൂക്ഷിക്കുന്നു. ഇടയ്ക്കിടെ മണ്ണില്‍ വെള്ളം തളിച്ചു ഈര്‍പ്പം നിലനിര്‍ത്തണം. കുറച്ചു ദിവസം കഴിയുമ്പോള്‍ രണ്ടോ മൂന്നോ മുള പൊട്ടുന്നതു കാണാം. ഈ സമയത്ത് കിഴങ്ങ് ഓരോ മുളയോടുകൂടി വിടര്‍ത്തി തടത്തിലോ ചട്ടിയിലോ നടാം.
                               വളര്‍ന്നുവരുന്ന ചെടിയുടെ തണ്ടുകള്‍ മുറിച്ചു നട്ട് അവയും വേരുപിടിപ്പിച്ചെടുക്കാവുന്നതാണ്. വിപണിയില്‍ വേരിറങ്ങാന്‍ ഉപയോഗിക്കുന്ന ഹോര്‍മോണ്‍ വാങ്ങാന്‍ ലഭ്യമാണ്. ഹോര്‍മോണില്‍ മുക്കിനട്ടാല്‍ പെട്ടെന്നു വേരു പിടിക്കുന്നു.
                                     വലിയചൂടും മഴയുമില്ലാത്ത കാലമാണു ഡാലിയ വളര്‍ത്താന്‍ അനുയോജ്യം. സമശീതോഷ്ണമേഖലയില്‍ എപ്പോഴും ഡാലിയ വളര്‍ത്താന്‍ കഴിയുന്നു. കേരളത്തില്‍ സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ ഡാലിയ തൈകള്‍ നട്ടാല്‍ മഞ്ഞുകാലത്തു നല്ല വലിപ്പമുള്ള ധാരാളം പൂക്കള്‍ ലഭിക്കുന്നു.വളക്കൂറും നല്ല അയവുമുള്ള ഏതു മണ്ണിലും ഡാലിയ വളരും. വെറും ചൊരിമണലില്‍ പോലും ധാരാളം ജൈവവളങ്ങള്‍ ചേര്‍ത്ത് നടുന്ന പക്ഷം ഡാലിയ നന്നായി വളരുന്നതാണ്. ഡാലിയ തണുപ്പും വെള്ളക്കെട്ടും ഇഷ്ടപ്പെടുന്നില്ല.
 തൈകള്‍ നടുന്നതു 100 സെ.മീറ്റര്‍ അകലത്തില്‍ വേണം. ഡാലിയയില്‍ തന്നെ പൊക്കം കുറഞ്ഞ ഇനമുണ്ട്. അവയ്ക്കു 60 സെ.മീറ്റര്‍ അകലം നല്‍കിയാല്‍ മതി. മുപ്പതു സെ.മീ. വലിപ്പമുള്ള ചട്ടികളിലും ഗ്രോബാഗിലും മണ്ണും വളവും നിറച്ചു ഡാലിയ വളര്‍ത്താന്‍ കഴിയും. അങ്ങനെ നടുന്നതുകൊണ്ട് സൂര്യപ്രകാശത്തിന്‍റെ ലഭ്യത അനുസരിച്ച് എടുത്തു സൗകര്യം പോലെ മാറ്റി വയ്ക്കാനും കഴിയുന്നു. പ്രധാനതണ്ടിന്‍റെ അറ്റംമുറിച്ചു കൊടുത്താല്‍ ധാരാളം ചെറു ശിഖരങ്ങള്‍ വശങ്ങളില്‍ നിന്നു കിളിര്‍ത്തു പൊങ്ങും. ചെടി ധാരാളം പുഷ്പിക്കാന്‍ ഇതു സഹായിക്കുന്നു. ഒരു ചെടിയില്‍ പ്രധാന തണ്ടു കൂടാതെ  നാലോ അഞ്ചോ ഉപശാഖകള്‍ മാത്രമേ അനുവദിക്കാന്‍ പാടുള്ളൂ.വാടിയ പൂക്കളും ഇലകളും കൂടെക്കൂടെ നീക്കം ചെയ്യുകയും ചുവട്ടിലെ മണ്ണു ഇളക്കികൊടുക്കുകയും ഉണക്ക ചാണകപ്പൊടി ചുവട്ടില്‍ ഇട്ടുകൊടുക്കുകയും ചെയ്താല്‍ ചെടികള്‍ കുറെനാള്‍ കൂടി പുഷ്പിക്കുന്നതാണ്. എന്നാല്‍ ക്രമേണ പൂക്കളുടെ വലിപ്പം കുറഞ്ഞുവരുന്നതാണ്.
ചെടി മറിഞ്ഞു പോകാതിരിക്കാന്‍ താങ്ങുകമ്പു നാട്ടുന്നതു പ്രയോജനകരമാണ്. പൂക്കാലം കഴിഞ്ഞാല്‍ ചെടി ഉണങ്ങിത്തുടങ്ങും. അപ്പോള്‍ മണ്‍നിരപ്പില്‍ നിന്നു കുറച്ചു മുകളിലായി തണ്ടു മുറിക്കണം. ശേഷം കുറച്ചു ദിവസം അങ്ങനെ നിര്‍ത്തിയേക്കണം. അതിനുശേഷം കിഴങ്ങിനു കേടുപാടു ഉണ്ടാകാതെ മണ്ണില്‍ നിന്നു ഇളക്കിയെടുക്കണം. അതിനു ചുറ്റുമുള്ള മണ്ണു നീക്കം ചെയ്തശേഷം മണ്‍പാത്രത്തിലോ പെട്ടിയിലോ മണല്‍ നിറച്ചു അതില്‍ സൂക്ഷിക്കണം. ഈ കിഴങ്ങുകള്‍ അടുത്തവര്‍ഷം നടാന്‍ ഉപയോഗിക്കാം.
മുഞ്ഞ, പുഴുക്കള്‍ തുടങ്ങിയവയുടെ ഉപദ്രവം ചെടിയില്‍ കാണുന്നുവെങ്കില്‍ മാലത്തിയോണ്‍ എന്ന കീടനാശിനി ഒരു മില്ലീലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളം എന്ന തോതില്‍ കലക്കി തളിക്കണം. ഏതെങ്കിലും കുമിള്‍രോഗം ശ്രദ്ധയില്‍ പെടുന്നപക്ഷം ബാവിസ്റ്റിന്‍ എന്ന കുമിള്‍സംഹാരി ഒരു ഗ്രാം ഒരു ലിറ്റര്‍ വെള്ളം എന്ന തോതില്‍ കലക്കി തളിച്ചാല്‍ മതി.
           
        വളം
           ചെടികള്‍ വേരു പിടിച്ചു കഴിഞ്ഞാല്‍ ഒരു ടേബിള്‍ സ്പൂണ്‍ 17.17.17 കോപ്ളക്സ് വളം ചേര്‍ക്കാവുന്നതാണ്. തണ്ടില്‍ നിന്നും അല്‍പം അകലെയായി വേണം വളം വിതറാന്‍. അതിനുശേഷം മണ്ണു നന്നായി ഇളക്കി നനച്ചുകൊടുക്കണം. തടത്തിലാണു നടുന്നതെങ്കില്‍ കൃഷിയിടം ഒരുക്കുമ്പോള്‍ തന്നെ അഴുകിപ്പൊടിഞ്ഞ ചാണകവും എല്ലുപൊടിയും ചേര്‍ക്കുന്നതു നല്ലതാണ്.ഒരു ചതുരശ്രമീറ്ററിനു അഞ്ചു കിലോഗ്രാം ചാണകപ്പൊടിയും ഒരു തടത്തിനു ഒരു കൈ എല്ലുപൊടിയും മതിയാകുന്നതാണ്. ചെടി വളരുന്നതനുസരിച്ച് എല്ലാ മാസവും ചാണകപൊടിയും എല്ലുപൊടിയും ചേര്‍ക്കാം. ചെടി പുഷ്പിക്കാന്‍ ആരംഭിക്കുമ്പോള്‍ ഒരു തവണകൂടി കോംപ്ലക്സ് വളം നല്‍കണം. 



Tuesday, April 10, 2018

തുളസി കൃഷി


             തുളസിത്തറകളിലും അമ്പലവളപ്പിലും മാത്രം ഒതുങ്ങിയിരുന്ന തുളസിയുടെ ആയുര്‍വേദപരവും ശാസ്ത്രിയവും വ്യാവസായികമായി   മരുന്നുത്പാദിപ്പിക്കാനുള്ള മൂല്യങ്ങള്‍ മനസ്സിലാക്കിയ കാര്‍ഷികലോകം അതിനെ വ്യാവസികമായി കൃഷിച്യ്തുതുടങ്ങി. തുളസി കൃഷിലൂടെ നല്ല വരുമാനം ഉണ്ടാകാനും കഴിയും.ഗുണത്തിലും തരത്തിലും ഏഴു തരം തുളസികള്‍ ഉണ്ടെങ്കിലും കൃഷ്ണതുളസിക്കും രാമതുളസിക്കും ആണ് പ്രാധാന്യം കൂടുതല്‍.
                                          നമ്മുടെ പുരയിടങ്ങളില്‍ താനെ മുളച്ചുവന്നിരുന്ന തുളസി വിത്തിലൂടെയാണ് മുളയ്ക്കുന്നത്. ചെടിയുടെ തണ്ടുകള്‍ക്ക് വെള്ളകലര്‍ന്ന പച്ച നിറമോ കരിഞ്ഞ നീലനിറമോ ആയിരിക്കും.ഇലയുടെ തൂമ്പില്‍ നിന്ന് മുളച്ചുവരുന്ന കതിരുകള്‍ മൂന്നെണ്ണമുള്ള കൂട്ടങ്ങളായാണ് കണ്ടുവരുന്നത്. പുഷ്പങ്ങളെ വഹിക്കുന്ന തണ്ടില്‍ സമവിന്യാസത്തില്‍ ഒട്ടേറെ ശാഖകള്‍ കണ്ടുവരുന്നു. അതിലാണ് ഇളം നീലനിറത്തിലും പച്ചനിറത്തിലുമുള്ള പൂക്കളുണ്ടാകുന്നത്. പൂക്കള്‍ക്ക് നാല് കേസരങ്ങളുണ്ടാകും മഞ്ഞയോ ചുവപ്പോ ആയിരിക്കും വിത്തുകളുടെ നിറം. വിത്തിനും ചെടിക്ക് സമൂലവും നല്ല സുഗന്ധമായിരിക്കും .
               കാര്‍ഷികാവശ്യത്തിനായി ശേഖരിച്ച വിത്തുകള്‍, ചാണകം, മണല്‍ എന്നിവ കൂട്ടിക്കലര്‍ത്തിയ പൊടിമണ്ണില്‍ വിതറി ചെറുനന നല്‍കി മുളപ്പിച്ചെടുക്കാം. മുളച്ച് രണ്ടാഴ്ചയ്ക്കുശേഷം. നന്നായി അടിവളം ചേര്‍ത്ത മണ്ണിലേക്ക് പറിച്ചുനട്ട് വളര്‍ത്തിയെടുക്കാം. പറച്ചുനടുന്ന സ്ഥലത്ത് നല്ല സൂര്യപ്രകാശം ലഭിക്കുമെന്ന്. ഉറപ്പാക്കിയിരിക്കണം. പതിനഞ്ചു ദിവസം കൂടുമ്പോള്‍ ചാണകപ്പൊടി അടിയില്‍ വിതറി മണ്ണ് കൂട്ടിക്കൊടുക്കാം .ചെടിയുടെ ചുവട്ടില്‍ വെള്ളം കെട്ടിനില്‍ക്കരുത്. അങ്ങനെ നിന്നാല്‍ ചെടിമൊത്തം ചീഞ്ഞുപോവും. വേനല്‍ക്കാലത്ത് ദിവസവും നന നിര്‍ബന്ധമാണ്. മഴക്കാലത്ത് വേരുപൊന്താതിരിക്കാന്‍ മൂട്ടിൽ മണ്ണ് കൂട്ടിക്കൊടുക്കണം. നല്ലപ്രതിരോധ ശേഷിയുള്ള ചെടിയാണ് തുളസി. എന്നാലും ചിലപ്പോള്‍ ചില ചെടികള്‍ക്ക് രോഗങ്ങള്‍ വരാറുണ്ട്‌. ചിലതിനെ കീടങ്ങള്‍ ആക്രമിക്കാറുമുണ്ട്. അവയെ സംരക്ഷിക്കാന്‍ സാധാരണ പച്ചക്കറികള്‍ക്ക് ഉപയോഗിക്കുന്ന ജൈവകീടനാശിനികള്‍ തന്നെ ഉപയോഗിക്കാം. ഇല ചുരുളല്‍, വേരുചീയല്‍ എന്നിവയാണ് പ്രധാനമായും കണ്ടുവരുന്ന പ്രശ്‌നങ്ങള്‍. തടത്തില്‍ കൂടുതല്‍ വെള്ളം നിര്‍ത്താതിരിക്കുക. വേപ്പധിഷ്ഠിത കീടനാശിനികള്‍ ഉപയോഗിക്കുക എന്നിവയാണ് രോഗങ്ങളെ പ്രതിരോധിക്കാനുള്ള നടപടി.


ഔഷധ ഉപയോഗങ്ങള്‍.
  •  തുളസി നീരും ഇഞ്ചിനീരും തേനും സമം ചേര്‍ത്ത് കൊടുത്താല്‍ കുട്ടികളുടെ വയറു വേദന മാറും.
  • ചിക്കന്‍പോക്സ് വന്നാല്‍ തുളസിയില നീര് 10 മില്ലിയും അത്രയും തേന്‍ ചേര്‍ത്ത് ദിവസവും 3 നേരം ഉപയോഗിച്ചാല്‍ പനിയും ചുമയും ശമിക്കും.
  • വിഷജന്തുക്കള്‍ കടിച്ചാല്‍ തുളസിയില, തുളസിപൂവ്, മഞ്ഞള്‍, തഴുതാമ ഇവ സമം എടുത്തു അരച്ച് മുറിവായില്‍ പുരട്ടുകയും അത്ര തന്നെ അരച്ച് 6 ഗ്രാം വീതം ദിവസം 3 നേരം കഴിക്കുകയും ചെയ്യുക. തുളസിയില തനിയെ അരച്ച് പുരട്ടുന്നതും നല്ലതാണ്.
  •  മഞ്ഞപിത്തം, മലേറിയ, വയറു കടി എന്നീ അസുഖങ്ങളുടെ ശമനത്തിന് തുളസിയില നീര് ഓരോ ടേബിള്‍സ്പൂണ്‍ വീതം രാവിലെയും വൈകിട്ടും പതിവായി കഴിക്കുക.
  • തുളസിയില തണലില്‍ ഇട്ട് ഉണക്കി പൊടിച്ചു നാസികാ ചൂര്‍ണ്ണം ആയി ഉപയോഗിച്ചാല്‍ മൂക്കൊലിപ്പ്, മൂക്കടപ്പ് എന്നിവ ശമിക്കും.
  • തുളസി നീരില്‍ മഞ്ഞള്‍ ചേര്‍ത്ത് അരച്ച് സേവിക്കുകയും പുരട്ടുകയും ചെയ്താല്‍ ചിലന്തി വിഷത്തിന് നല്ലതാണ്.
  • ഉറങ്ങുമ്പോള്‍ തലയിണക്ക് അരികെ തുളസിയിലകള്‍ ഇട്ടാല്‍ പേന്‍ പോകും. തുളസിയില മുടിയില്‍ തിരുകിയാലും മതി.
  • കഫം ചുമച്ചു തുപ്പി പോകാന്‍ തേന്‍, ഇഞ്ചിനീര്, ഉള്ളിനീര്, തുളസിയിലനീര് ഇവ സമം ചേര്‍ത്ത് കഴിച്ചാല്‍ മതി.
  • തുളസി കതിരും കുരുമുളകും ചേര്‍ത്ത് വെളിച്ചെണ്ണയില്‍ മുക്കി തേച്ചാല്‍ നീരിറക്കം, തലവേദന എന്നിവ മാറും.
  • കണ്ണ് ചൊറിച്ചില്‍, കണ്ണ് ചുവക്കല്‍ എന്നീ രോഗങ്ങളില്‍ തുളസിനീരു കണ്ണില്‍ ഒഴിക്കുക. ചെങ്കണ്ണിനും തുളസിനീര് ഫലപ്രദമാണ്.


                                            


ഇഷ്ട്ടപ്പെട്ടാൽ...blog ൻ്റെ side ഉള്ള "Follow" Button click ചെയ്യാൻ മറക്കരുത്....

Sunday, April 1, 2018

കറ്റാര്‍വാഴ (Aloe -Vera )സുന്ദരനും സുന്ദരിയും ആകാനും ആരോഗ്യo ഉണ്ടാകാനും നട്ടു വളർത്തിക്കോ..


                     സൗന്ദര്യ വര്‍ദ്ധന മാത്രമല്ല നിരവധി ആരോഗ്യഔഷധ മൂല്യമുണ്ട് കറ്റാര്‍വാഴക്ക്.അസ്‌ഫോഡെലേഷ്യേ കുടുംബത്തില്‍പ്പെട്ട ഒരു ചെടിയാണ് കറ്റാര്‍വാഴ. അലോപ്പതി, ആയുര്‍വേദം, യുനാനി, ഹോമിയോ എന്നീ വ്യത്യസ്ത ചികിത്സാ രീതികളില്‍ കറ്റാര്‍ വാഴയെ ഔഷധമായി ഉപയോഗിക്കുന്നുണ്ട്. കറ്റാര്‍വാഴഏകദേശം 30 മുതല്‍ 50 സെന്റീമീറ്റര്‍ പൊക്കത്തില്‍ വരെ വളരുന്നചെടിയാണ്. ചുവട്ടില്‍ നിന്നും ഉണ്ടാകുന്ന പുതിയ കിളിര്‍പ്പുകള്‍ നട്ടാണ് പുതിയ തൈകള്‍ കൃഷിചെയ്യുന്നത്. ഇതിന്റെ തണ്ടു എടുത്തും നടാം ,അങ്ങനെ നടുമ്പോൾ തണ്ടിൻറെ ചുവട്ടിൽ നിന്നും വെള്ളനിറം ഉൾപ്പടെ മുറിച്ചു എടുത്തു നട്ടും പിടിപ്പിക്കാം . ചട്ടിയിലും ഗ്രോബാഗിലും ഇതുനടാം .ഇവയിൽ നടുമ്പോൾ വേഗം മുളകുവാൻ മണ്ണ് ഇട്ടു നിറക്കുമ്പോൾ അതിനോടപ്പം പഴത്തിൻറെ തൊലി മുറിച്ചു ചെറുകഷണങ്ങൾ ആക്കി ലെയർ  ലെയർ ആയി വേണം മണ്ണും പഴത്തൊലിയും ഇട്ടു നിറയ്ക്കണം അതിൽ വേണം നടൻ വേഗം മുളച്ചു വരും . അധികം പരിചരണം ആശ്യമില്ല .കിടപ്പുമുറിയിലും ഹാളിലും എല്ലാം ഈ ചെടി വളർത്താം .ഇതു ഏതു കാലാവസ്ഥയിലും വളരും .അതുപോലെ റൂമിനുളിലെ വായു ശുദ്ധികരിക്കുന്നു.
                      കാര്യമായ രോഗങ്ങള്‍ ബാധിക്കാത്ത സസ്യമാണിത്. നട്ട് ആറാം മാസം മുതല്‍ വിളവെടുപ്പ് ആരംഭിക്കാം. ഒരു ചെടിയില്‍ നിന്നും തുടര്‍ച്ചയായി മൂന്ന് വര്‍ഷം വരെ വിളവെടുക്കുന്നതിന് കഴിയും. ഇത് തോട്ടങ്ങളില്‍ ഇടവിളയായും നടാന്‍ കഴിയും.
                    കറ്റാര്‍വാഴയുടെ ഇല(പോള)കളില്‍ നിറഞ്ഞിരിക്കുന്ന ജെല്ലിലടങ്ങിയിരിക്കുന്ന മ്യൂക്കോപോളിസാക്കറൈഡുകളാണ്. കറ്റാര്‍വാഴയില്‍ ജീവകങ്ങള്‍, അമിനോ ആസിഡുകള്‍, ഇരുമ്പ്, മഗ്‌നീനീഷ്യം, കാത്സ്യം, സിങ്ക് തുടങ്ങിയവ അടങ്ങിയിരിക്കുന്നു.
          വിപണിയില്‍ ആരോഗ്യപാനീയങ്ങള്‍, മോയിസ്ചറൈസറുകള്‍ , ക്ലെന്‍സറുകള്‍, ലേപനങ്ങള്‍ തുടങ്ങിയ നിരവധി കറ്റാര്‍വാഴ ഉല്പന്നങ്ങള്‍ ഇന്ന് ലഭ്യമാണ്. ആര്‍ത്രൈറ്റിസ്, ഡയബറ്റിസ്, അമിതകൊളെസ്റ്ററോള്‍, കുഴിനഖം തുടങ്ങിയ അസുഖങ്ങളുള്ളവര്‍ക്ക് കറ്റാര്‍വാഴ നീര് അത്യന്തം ഗുണകരമാണ്. സര്‍വോപരി ഇത് നല്ലൊരു ആന്റിഓക്‌സിഡന്റാണ്.  കൂടാതെ അണുബാധയെ ചെറുക്കുന്നു. എണ്ണകാച്ചി തലയില്‍ പുരട്ടാന്‍ മാത്രമല്ല കറ്റാര്‍വാഴയെ ഉപയോഗിക്കേണ്ടത്. വിവിധ തരം കൂട്ടുകളിലൂടെ അകത്താക്കാം. രാവിലെ വെറും വയറ്റില്‍ ഒരു സ്പൂണ്‍ കഴിച്ചാല്‍ ഉദരരോഗങ്ങള്‍ക്കും അര്‍ശസിനും മരുന്നാണത്രെ. നെല്ലിക്കാ, മഞ്ഞള്‍ പൊടി, കറ്റാര്‍ ജെല്‍ എന്നിവ സംയോജിപ്പിച്ച് കുടിക്കുന്നത് രോഗ പ്രതിരോധ ശേഷിയും കൂട്ടും.
നല്ലത് വീട്ടില്‍ അപ്പപ്പോള്‍ ഉണ്ടാക്കി കഴിക്കുന്നതാണ്. അരിമാവില്‍ കലര്‍ത്തി ഫേസ് പാക്കും ഉണ്ടാക്കാം.
             കറ്റര്‍ വാഴ എങ്ങനെയാണു നമ്മുടെ വിവിതരം സൗന്ദര്യ  പ്രശനങ്ങൾക്കു പരിഹാരമായി ഉപയോഗിക്കാൻ പറ്റുന്നതെന്നു നോക്കാം. ചർമ്മത്തിന് തിളക്കം നൽകാൻ കറ്റാർ വാഴ ഉത്തമമാണ്. അതിനായി കറ്റാർ വാഴയോടൊപ്പം  ചില കൂട്ടുകൾ കൂടി ചേർക്കേണ്ടതുണ്ട്. ഒരു ടീ സ്പൂൺ മഞ്ഞൾപ്പൊടി,തേൻ,റോസ് വാട്ടർ, പാൽ എന്നിവയെടുത്തു നന്നായി മിക്സ് ചെയ്യുക ശേഷം മിശ്രിതത്തിലേക്ക് അൽപ്പം കറ്റാർ വാഴയുടെ ജെൽ കൂടി ചേർക്കുക. എന്നിട്ടു ഇവ നന്നായി യോജിപ്പിക്കുക അതിനു ശേഷം ഈ മിശ്രിതം നന്നായി മുഖത്തു തേച്ചു പിടിപ്പിക്കുക ഏകദേശം ഇരുപതു മിനിറ്റിനു ശേഷം കഴുകി കളയുക. തീർത്തും പ്രകൃതി ദത്തമായ ഒരു ഫേസ്പാക്ക് ആണിത്. യാതൊരുവിധ പാർശ്വഫലങ്ങളുമില്ല എന്നുമാത്രമല്ല പൂർണമായും. മുഖത്തിന് തിളക്കം നൽകാൻ സഹായിക്കൊന്നൊരു ഫേസ്പാക്ക് കൂടിയാണിത്. വെയിലേറ്റു കൺതടങ്ങളിലുണ്ടാകുന്ന കരുവാളിപ്പ് മാറാൻ കറ്റാർ വാഴ സഹായിക്കുന്നു. ഇതിനായി കറ്റാർ വാഴയുടെ നീരിനൊപ്പം ഒരൽപ്പം ചെറു നാരങ്ങാ നീരു കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക ശേഷം ഈ മിശ്രിതം കരുവാളിപ്പുള്ള ഭാഗങ്ങളിൽ പുരട്ടുക പത്തു മിനിറ്റിനു ശേഷം ഒരു പഞ്ഞി ഉപയോഗിച്ച് ഈ മിശ്രിതം തുടച്ചു കളയുക. ശേഷം മുഖം നല്ല തണുത്ത വെള്ളത്തിൽ കഴുകുക. ആഴ്ചയിൽ രണ്ടു തവണ ഇതൊന്നു പരീക്ഷിച്ചു. നോക്കൂ മുഖത്തെ കരുവാളിപ്പ് പാടെ മാറുന്നത് കാണാം. മുഖക്കുരുവിന്റെ പാടുകൾ പൊള്ളിയ പാടുകൾ പിഗ്മെന്റേഷൻ ഇവ പൂർണമായും അകറ്റാൻ കറ്റാർവാഴ നമ്മളെ സഹായിക്കുന്നു. കറ്റാർവാഴയുടെ നീരിനൊപ്പം ഒരൽപ്പം റോസ് വാട്ടർ കൂടി മുഖത്തെ  പാടുകളിൽ നന്നായി തേച്ചു പിടിപ്പിക്കുക. കുറച്ചു സമയത്തിനുശേഷംകഴുകിക്കളയുക. സ്ഥിരമായി ചെയ്താൽ മുഖത്തെ പാടുകൾ നിശ്ശേഷം മാറുകയും മുഖം തിളക്കമുള്ളതാകുകയും ചെയ്യും. എണ്ണമയമുള്ള ചർമം പലരെയും അലട്ടുന്ന ഒന്നാണ്. എന്നാൽ ചർമ്മത്തിലെ എണ്ണമയം അകറ്റാൻ കറ്റാർ വാഴ സഹായിക്കുന്നു കറ്റാർവാഴയുടെ നീരിൽ അൽപം തേൻ ചേർത്ത് മുഖത്ത് തേച്ചു പിടിപ്പിക്കുക കുറച്ചുസമയത്തിനു ശേഷം ശുദ്ധമായ തണുത്ത വെള്ളത്തിൽ മുഖം കഴുകുക മുഖത്തെ എണ്ണമയം പാടെ അകന്നു പോകുന്നതാണ്. പ്രകൃതിയിൽത്തന്നെ അത്ഭുതഗുണമുള്ള ഔഷധങ്ങളുടെ കലവറയായ കറ്റാർ വാഴ. അപ്പോള്‍ കറ്റര്‍ വാഴ കൃഷി  ചെയ്തു തുടങ്ങാം.




Tuesday, March 20, 2018

ഓര്‍ക്കിഡ്(നടയിലും പരിചരണവും )


                       കേരളത്തിന്റെ തനത്‌ കാലാവസ്ഥയിൽ വളരെ ലളിതമായ പരിചരണം നൽകി നന്നായി ഓർക്കിഡുകൾ വളർത്താം. ആകർഷകമായ വർണ്ണങ്ങളിൽ അധികം ദിവസങ്ങൾ പൊഴിഞ്ഞു പോകാതെ നിൽക്കുന്ന ഈ സസ്യങ്ങൾ വീട്ടിനകത്ത്‌ പരിമിതമായ പ്രകാശം ലഭിക്കുന്ന സ്ഥലങ്ങൾ, വരാന്ത, കാർ പോർച്ച്‌, നല്ല വെളിച്ചം കിട്ടുന്ന മറ്റ്‌ മേൽതലങ്ങൾ തുടങ്ങി എല്ലായിടത്തും നന്നായി വളർത്തുവാൻ കഴിയും. ഓർക്കിഡിന്റെ ഏറ്റവും വലിയ ശത്രു "അമിത പരിചരണം" ആണ്‌ - കൂടുതലായ നനയും വളവും ഓർക്കിഡ്‌ ചെടികളെ നശിപ്പിക്കുവാൻ പോന്നതാണ്‌. എല്ലാ ദിവസവും രണ്ടു നേരം നനച്ച്‌ വളവും ഒക്കെ നൽകി വളത്തിയാൽ, പല ചെടികളും അകാല ചരമം പ്രാപിക്കും. സംഗതികൾ ഇതൊക്കെയാണെങ്കിലും, കൃത്യമായ വളർച്ചയ്ക്കും പുഷ്പ്ങ്ങൾക്കും ചെടികൾക്ക്‌ അനുകൂലമായ സാഹചര്യങ്ങൾ ഒരുക്കി കൊടുക്കേണ്ടതുണ്ട്‌.. ഏറ്റവും ലളിതമായി പറഞ്ഞാൽ ഓർക്കിഡ്‌ വളർത്താൻ അത്യാവശ്യം വേണ്ടത്‌ ചെടികൾക്ക്‌ പരിചിതമായ അവയുടെ സ്വാഭാവിക പ്രകൃതി ഒരുക്കികൊടുക്കലാണ്‌..

             ഓർക്കിഡുകൾ നല്ല വെളിച്ചവും ഉയർന്ന ആർദ്ദ്രതയും (ഹ്യുമിഡിറ്റി), വേരുകൾക്ക്‌ ചുറ്റും നല്ല ഇളകിയ കാറ്റിന്റെ സാന്നിധ്യവും, ഇരുപത് - മുപ്പത് ഡിഗ്രി നിലവാരത്തിൽ ഉള്ള ചൂടും നന്നായി ആസ്വദിക്കുന്ന സസ്യങ്ങളാണ്‌.. നേരിട്ട്‌ ചെടിയിൽ പതിക്കുന്ന തീവ്ര വെളിച്ചം ഇവയ്ക്ക്‌ അധികം താങ്ങുവാൻ കഴിയില്ല. പ്രത്യേകിച്ച്‌ നേരിട്ട്‌ അടിക്കുന്ന വെളിച്ചത്തിൽ നിന്നും ഇവയെ സംരക്ഷിക്കുവാൻ ശ്രദ്ധിക്കുക. നന്നായി നനഞ്ഞ് വളരെ നന്നായി വാർന്നു പോകുന്ന ജലസേചനം നൽകേണ്ടിയിരിക്കുന്നു. പ്രഭാതത്തിൽ ജലത്തിന്റെ സാമീപ്യം ഓർക്കിഡുകൾ എറ്റവും ഇഷ്ടപ്പെടുന്നു. നനക്കൽ വേനൽ കാലങ്ങളിൽ എല്ലാ ദിവസവും, അല്ലാതുള്ള സമയത്ത് ഒന്നിടവിട്ടോ, മൂന്ന് ദിവസത്തിൽ ഒരിക്കലോ മതിയാവും.

          ഓർക്കിഡുകൾക്ക് നന്നായി വളരുവാൻ കഴിയുന്ന ഒരു മീഡിയം നമ്മൾ ഒരുക്കേണ്ടതുണ്ട്. ഏകദേശം തുല്യ അളവിൽ ഉണങ്ങിയ തൊണ്ടിൻ കഷണങ്ങൾ, ഓടിന്റെ കഷണങ്ങൾ, മരക്കരി (വിറകടുപ്പിൽ മുക്കാൽ ഭാഗം കത്തിയ തടിക്കഷണങ്ങൾ വെള്ളം നനച്ച് കരിയാക്കാം) പിന്നെ ഇഷ്ടിക കഷണങ്ങൾ - ഇവ ഒന്നാന്തരം മീഡിയം ആയി ഉപയോഗിക്കാം. സ്വാഭാവിക പ്രകൃതിയിൽ വളരുന്നവയെക്കാൾ നമ്മൾ വളർത്തുന്നവയ്ക്ക് ഈ മീഡിയത്തിന്റെ സാമീപ്യം കാരണം തന്നെ ജല ലഭ്യത കുറെ കൂടി മെച്ചമായിരിക്കും നമ്മുടെ മീഡിയത്തിൽ ലഭ്യമായ എല്ലാ വസ്തുക്കളും ജലം നന്നായി അബ്സോർബ് ചെയ്യുന്നവയാണ്.നനവ് അധികമായാൽ ഫംഗസ് , വേരു ചീയൽ തുടങ്ങി സുഖകരമല്ലാത്ത സംഗതികൾ വന്നു ചേരാം.

                              ഓർക്കിഡുകൾ നടാൻ ഉപയോഗിക്കുന്ന ചട്ടികൽ ധാരാളം വായു സഞ്ചാരം കിട്ടുന്നവ ആയിരിക്കണം. മരത്തിന്റെ റീപ്പർ ഉപയോഗിച്ച് തയ്യാറാക്കിയ പെട്ടികൾ, നിറയെ ദ്വാരങ്ങൾ ഉള്ള മൺ ചട്ടികൾ, പ്ലാസ്റ്റിക് ചട്ടികൾ എന്നിവയൊക്കെ ഉപയോഗിക്കാം. ഇപ്പോൾ മാർക്കറ്റിൽ ലഭിക്കുന്ന പുതിയതരം അർധ്ധ ഗോളാ-ക്രിതിയിലുള്ള പ്ലാസ്റ്റിക് ചട്ടികൾ ഉപയോഗിക്കുവാൻ വളരെ ലളിതവും, താര തമ്യേന ചിലവ് കുറഞ്ഞതുമാണു.വാൻഡ വർഗത്തിൽ പെടുന്ന ചെടികൾക്ക് തടിയിൽ ചെയ്തെടുക്കുന്ന കുഞ്ഞൻ പെട്ടികൾ കൂടുതൽ നന്നാവും.

        വ്യത്യസ്ത ഓര്ക്കിഡ് ചെടികൾ, നമ്മൾ മുകളിൽ പറഞ്ഞ സാഹചര്യങ്ങളും, ജലവും, വളവും ഒക്കെ കുറച്ചൊക്കെ അളവിലും തീവ്രതയിലും അല്പസ്വല്പം ഏറ്റക്കുറച്ചിലുകൾ വരുത്തി നന്നായി വളർത്തിയെടുക്കുവാൻ കഴിയുമെന്നതിൽ സംശയമില്ല ചില ചെടികൾക്ക് തീവ്രത കുറഞ്ഞ വെളിച്ചവും, ചിലവയ്ക്ക് നല്ല നിഴലും, മറ്റു ചിലര്ക്ക് തീവ്ര വെളിച്ചവും വേണം ചെടികളുടെ ഇലകളുടെ പച്ച നിരത്തിന്റെ തീവ്രത നോക്കി വെളിച്ചത്തിന്റെ ആവശ്യകത നമുക്ക് തന്നെ മനസ്സിലാക്കുവാൻ കഴിയും.

                കടുത്ത പച്ച - വെളിച്ചത്തിന്റെ കുറവും,
               മഞ്ഞളിച്ച പച്ച - വെളിച്ചത്തിന്റെ കൂടുതലും,
             ഇളം പച്ച നിറം - കൃത്യമായ അളവിലുള്ള പ്രകാശവും.
  
    ഈ    നിഗമനം വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു ട്രിക്കാണ്.

വള പ്രയോഗം
                                ജൈവവളങ്ങളും രാസവളങ്ങളും ഓര്‍ക്കിഡിന്‍റെ ശരിയായ വളര്‍ച്ചയ്ക്കും പുഷ്പിക്കലിനും ആവശ്യമാണ്. കാലിവളമാണ് ഇതില്‍ പ്രധാനം. മാസത്തിലൊരിക്കല്‍ വീതം കാലിവള പ്രയോഗം നടത്താം. 10gm പച്ചചാണകം ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി തെള്ളി ഒഴിച്ചു കൊടുക്കാം. ഗോമൂത്രം 20 ഇരട്ടി വെള്ളത്തിൽ നേർപ്പിച്ചു ചെടി ചുവട്ടിൽ കുറേശെ ഒഴിച്ച് കൊടുക്കാം. 17:17:17, 20:20:20 എന്നി രാസവള മിശ്രിതം 2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലര്‍ത്തി ആഴ്ചയില്‍ രണ്ടുപ്രാവശ്യം ചെടികള്‍ മുഴുവന്‍ നനയും വിധം തളിക്കണം. ചെടികളുടെ പൊതുവെയുള്ള വളര്‍ച്ചയ്ക്കും രോഗപ്രതിരോധശേഷിക്കും ‘സ്യൂഡോമോണാസ്’ മിശ്രിതം 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ഉണ്ടാക്കുന്ന ലായനി രണ്ടാഴ്ചയിലൊരിക്കല്‍ ഉപയോഗിക്കാം
                                കുമിള്‍രോഗങ്ങളായ ഇലപ്പുള്ളി, അഴുകല്‍, വാട്ടം, ഇലകരിച്ചില്‍ എന്നിവയെ നിയന്ത്രിക്കാന്‍ ഇന്‍ഡോഫില്‍ എം.45 എന്ന കുമിള്‍നാശിനി 2.5 ഗ്രാം 1 ലിറ്റര്‍ വെള്ളത്തില്‍ എന്ന അളവില്‍ കലക്കി തളിക്കാം. വൈറസ് രോഗങ്ങള്‍ ബാധിച്ചാല്‍ ആ ചെടികളെ പാടെ നീക്കം ചെയ്ത് നശിപ്പിക്കണം. മീലിമൂട്ട, മണ്ഡരി, ഇലപ്പേന്‍, വണ്ട് എന്നിവയുടെ ഉപദ്രവത്തിനെതിരെ റോഗര്‍ (2 മി.ലി. ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍) ഉപയോഗിക്കാം. പുകയിലക്കഷായവും വേപ്പെണ്ണ – വെളുത്തുള്ളി മിശ്രിതവും ഉപയോഗിച്ചും കീടനിയന്ത്രണം സാധിക്കാം. ഒച്ചുകളെ രാത്രികാലത്ത് പെറുക്കിയെടുത്ത് ഗാഢതയുള്ള ഉപ്പുലായനിയില്‍ മുക്കി നശിപ്പിക്കാം.
പുഷ്പിക്കാറായ ചെടികൾക്കു നൈട്രജൻ അളവ് കുറഞ്ഞ മിശ്രിതം മാർക്കറ്റിൽ ലഭ്യമാണു.

           ഇഷ്ട്ടപ്പെട്ടാൽ..... blog ൻ്റെ side ഉള്ള "Follow" Button click ചെയ്യാൻ മറക്കരുത്




Saturday, March 17, 2018

വീട്ടിനുള്ളിലെ രാജാക്കന്മാർ (ചെടികൾ ).

                      ചെടികൾ വീടിനുള്ളിൽ വളർത്തുന്നത് നല്ലതാണ്.അതിൽ ചിലതു മാത്രം ഞാൻ ഇവിടെ പറയുന്നത് .ഈ ചെടികൾ നമ്മുടെ വീട്ടിനുള്ളിലെ വായു ശുദ്ധികരിക്കുന്നു അതുപോലെ ഓക്സിജൻ ധാരാളമായി നൽകുന്നു. ചിലത് ഭാഗ്യവും കൊണ്ടുവരുന്നു എന്നു പറയപ്പെടുന്നു.

                                                                            Snake Plant

          ഇതു വളർത്തുവാൻ വളരെ എളുപ്പം ആണ് .അധികം പരിചരണം ആശ്യമില്ല .കിടപ്പുമുറിയിലും ഹാളിലും എല്ലാം ഈ ചെടി വളർത്താം .ഇതു ഏതു കാലാവസ്ഥയിലും വളരും .അതുപോലെ റൂമിനുളിലെ വായു ശുദ്ധികരിക്കുന്നു.

           Aloe Vera 
       റൂമിൽ വളർത്തുവാൻ പറ്റിയ ഒരു ചെടിയാണ് 24 മണിക്കൂറും  ഓക്സിജൻ തരും ,അതുപോലെ വായുവിനെ ശുദ്ധികരിക്കുകയും  ചെയ്യും. ഭാഗ്യവും അതോടൊപ്പം പോസിറ്റീവ് എനര്‍ജിയും നല്‍കുന്ന ചെടിയാണത്രെ കറ്റാര്‍വാഴ.  രോഗങ്ങള്‍ ശമിപ്പിക്കാനും കറ്റാര്‍ വാഴയ്ക്ക് പ്രത്യേക കഴിവുണ്ട് സൂര്യപ്രകാശം നേരിട്ട് ലഭിക്കുന്നിടത്ത് കറ്റാര്‍വാഴ വയ്ക്കാവുന്നതാണ്. കറ്റാര്‍വാഴ നടുമ്പോള്‍ ധാരാളം വെള്ളമൊഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വെള്ളം കറ്റാര്‍വാഴ നട്ട ചട്ടിയില്‍ തങ്ങിനില്‍ക്കാതിരിക്കാനും ശ്രദ്ധവേണം. ഇത് ചെടി ചീയാന്‍ കാരണമാകും.
                    
Lavender
     ഈ ചെടിയും നമ്മുടെ മുറിക്കുളിലെ വായുവിനെ ശുദ്ധികരിക്കുന്നു. അതുപോലെ സ്ട്രെസ് ലെവൽ തഴുത്തി കൊണ്ടുവരാനും സഹായിക്കുന്നു .
                                                                 
Jasmine 
                  നമ്മൾ കേരളികർക്ക് ഏറ്റവും പ്രിയപ്പെട്ട ചെടിയാണ് ഇതു . മുല്ലപ്പൂവിൻറെ മണം നമ്മുടെ മനസിൻറെ സമ്മർദ്ദം കുറക്കുന്നു. അതുപോലെ  റൂമിൽ വളർത്തിയാൽ നല്ല ഉറക്കവും ലഭിക്കുന്നു. ബന്ധങ്ങളെ ദൃഢമാക്കാനും വ്യക്തികള്‍ക്കിടയിലെ പ്രണയത്തെ ഉണര്‍ത്താനും മുല്ലയ്ക്ക് കഴിയും. മുല്ല വീടിന്റെ അകത്താണ് വയ്ക്കുന്നതെങ്കില്‍ തെക്കുഭാഗത്തുള്ള ജനലിന് സമീപത്തും പൂന്തോട്ടത്തിലാണ് മുല്ല നടുന്നതെങ്കില്‍ വടക്ക് കിഴക്ക് ഭാഗത്തുമാണ് നടേണ്ടത്.
                                                              
                                                                Money Plant
                             പേരുപോലെ തന്ന് എല്ലാവരും വിശ്വസിക്കുന്നതും അതുപോലെ തന്നയാണ്. അതിൻ്റെ സത്യാവസ്ഥ എനിക്ക് അറിഞ്ഞുകൂടാ .പക്ഷെ ഈ ചെടി വീട്ടിൽ വളർത്തിയാൽ നല്ലതാണ് ,അത് വായു ശുദ്ധികരിക്കുന്നു ,ഫ്രഷ് വായു നമ്മൾക്ക് ലഭിക്കുന്നു .ഇതിനും വലിയ പരിചരണവും ഒന്നു വേണ്ട .കാണാനും നല്ല രസം ആണ് .പിന്നെ ചിലർ പറയുന്നു വീടിൻറെ തെക്കു കിഴക്കു മൂലയാണ് നല്ലത് എന്നു.
                                                                
ലില്ലി
               ഇംഗ്ലീഷുകാര്‍ ഈ ചെടിയെ പീസ് ലില്ലി എന്നാണ് വിളിക്കാറ്. പേരു സൂചിപ്പിക്കും പോലെ തന്നെ വീട്ടില്‍ സമാധാനം നിറയ്ക്കാന്‍ ഈ ചെടികള്‍ക്ക് ആകുമത്രെ. ശാരീരികമായും മാനസികമായും ആത്മീയതയും ഉണര്‍വ്വും നല്‍കാനും ഈ ചെടിയ്ക്ക് കഴിയും. വീടിന് പുറത്ത് നിന്നും അകത്തേക്ക് വരുന്ന അശുദ്ധവായുവിനെ ശുദ്ധീകരിച്ച് വീട്ടില്‍ പുതിയ ഊര്‍ജ്ജം നിറയ്ക്കാനും ഈ ചെടികള്‍ക്കാകും. വെളിച്ചം കുറഞ്ഞ ഭാഗത്താണ് സാധാരണ ഈ ചെടികള്‍ വളരുക. സൂര്യപ്രകാശത്തേക്കാള്‍ നിഴലാണ് ഈ ചെടിയ്ക്ക് ഏറെയിഷ്ടം അതുകൊണ്ട് തന്നെ വീടിന്റെയൊ ഓഫീസിന്റെയൊ മൂലയില്‍ ചെടി വളര്‍ത്താവുന്നതാണ്. ലില്ലി നിങ്ങളുടെ കിടപ്പുമുറിയില്‍ വളര്‍ത്തിയാല്‍ നിങ്ങള്‍ക്ക് നല്ല ഉറക്കം ലഭിക്കും.
                                                                                  
റോസ്മേരി
                  നിങ്ങളുടെ വീടിനുള്ളില്‍ തങ്ങിനില്‍ക്കുന്ന വിഷവായുവിനെ ശുദ്ധീകരിച്ച് മനസിനും ശരീരത്തിനും ഒരേ പോലെ സുഖം നല്‍കാന്‍ കഴിയുന്ന ചെടിയാണ് റോസ് മേരി. റോസ്മേരിയുടെ സുഗന്ധത്തിന് ഉത്കണ്ഠയെ ഇല്ലാതാക്കാനും തളര്‍ച്ചമാറ്റി നവോന്മേഷം നല്‍കാനുമുള്ള കഴിവ് ഉണ്ട്. ഉറക്കമില്ലായ്മ ഇല്ലാതാക്കുന്ന റോസ്മേരിയുടെ സുഗന്ധത്തിന് ഓര്‍മ്മ ശക്തിവര്‍ദ്ധിപ്പിക്കാനുള്ള കഴിവുമുണ്ട്. റോസ്മേരി വീടിനുള്ളില്‍ സൂര്യപ്രകാശമുള്ള ഭാഗത്താണ് വയ്ക്കേണ്ടത്.
                                                           
                            മുള                                                                  
        ആയിരക്കണക്കിന് വര്‍ഷങ്ങളായി ലോകത്തിന്റെ പല ഭാഗത്തും മുളയെ ഭാഗ്യത്തിന്റെയും അഭിവൃദ്ധിയുടെയുമൊക്കെ ചിഹ്നമായി കരുതിപ്പോരുന്നു. ഫെങ്ഷുയി പ്രകാരം ലംബ രൂപത്തിലുള്ള മുളച്ചെടിയില്‍ മരത്തിന്റെ ഘടകമുണ്ടെന്നും ഇത് ഊര്‍ജ്ജത്തെ ആഗിരണം ചെയ്യുമെന്നും വീടിനുള്ളില്‍ ഓജസ് നിറയ്ക്കുമെന്നും പറയുന്നു. ഒരു ഗ്ലാസ് ബൗളില്‍, സൂര്യപ്രകാശം നേരിട്ട് ലഭിക്കാത്ത വീടിന്റെ  ഏതെങ്കിലും ഒരു മൂലയിലാണ് മുള വയ്‌ക്കേണ്ടത്.
                                                                 
                                                                            തുളസി                                                                        ദൈവീക പരിവേഷമുള്ള സസ്യമാണ് തുളസി. കൂടാതെ ആയുര്‍വേദത്തില്‍ നിരവധി രോഗങ്ങള്‍ക്കുള്ള ഔഷധമായും തുളസിയെ കാണുന്നു. അന്തരീക്ഷ വായുവിനെ ശുദ്ധീകരിക്കാനും തുളസിയ്ക്ക് കഴിയും. ദിവസത്തില്‍ 20 മണിക്കൂറും ഓക്‌സിജനെ പുറത്ത് വിടാന്‍ കഴിയുന്ന അപൂര്‍വ്വ സസ്യങ്ങളില്‍ ഒന്നാണ് തുളസി  . ബാക്ടീരിയയെയും ഫംഗസിനെയും പ്രതിരോധിക്കാന്‍ തുളസിയ്ക്ക് പ്രത്യേക കഴിവുണ്ട്. വീട്ടിലായാലും പൂന്തോട്ടത്തിലായാലും സൂര്യപ്രകാശം നന്നായി ലഭിക്കുന്ന ഭാഗത്ത് തുളസി നടുന്നതാണ് നല്ലത്.
                                                          
                             ജമന്തി
                         വിശുദ്ധിയെയും, ആത്മാര്‍ത്ഥതയെയും സൂചിപ്പിക്കുന്ന ചെടിയാണ് ജമന്തി. അസുഖങ്ങളെ ശമിപ്പിക്കാന്‍ ജമന്തിക്ക്‌ പ്രത്യേകം കഴിവുണ്ടത്രെ വീടിനുള്ളില്‍ ശുദ്ധവായു നിറയ്ക്കാനും ഈ ചെടിക്ക് കഴിയും. സമ്മര്‍ദ്ദങ്ങളെ ഇല്ലാതാക്കുന്ന ഈ ചെടിയെ പലരും ദീര്‍ഘായുസ്സിന്റെ പ്രതീകമായും കാണുന്നു.
                                                           
                                                                                    പന 
                          ഒരു ചെടിച്ചട്ടിയില്‍ ഒരു കുഞ്ഞു പന നിങ്ങളുടെ വീട്ടിലൊ,   ഓഫീസിലൊ ഉണ്ടെങ്കില്‍ പിന്നെ പേടിയ്‌ക്കേണ്ട അന്തരീഷത്തിലെ വിഷാംശമുള്ള വായുവിനെ ഈ പന ശുദ്ധീകരിച്ച്  നവോന്മേഷം നിറയ്ക്കുന്നു.

    

          വായിച്ചു കഴിഞ്ഞാൽ ...... ഇഷ്ട്ടപ്പെട്ടാൽ..... blog ൻ്റെ side ഉള്ള "Follow" Button click ചെയ്യാൻ മറക്കരുത്. Please.