Monday, March 26, 2018

പയറിന് വരാവുന്ന രോഗങ്ങള്‍

1)      വാട്ടരോഗം.
     ഒരുതരം ഫംഗസ് രോഗമാണിത്. ആദ്യംതന്നെ മണ്ണിന്റെ തൊട്ടമുകളില്‍ മുരടില്‍ അഴുകിയ ചെറിയ പാട് കാണുന്നു. ക്രമേണ ഇത് അടിചീയലായി ക്രമേണ ചെടി വാടുന്നു. മാത്രമല്ല ഇത് പെട്ടന്നുതന്നെ മറ്റ് ചെടികളിലേക്ക് ബാധിക്കുന്നു. പയര്‍വിത്ത് വിതയ്ക്കുന്നതിനു മുമ്പ് കുഴികളില്‍ ചപ്പിലയിട്ട് കത്തിക്കുക. ഒരേ സ്ഥലത്ത്തന്നെ പയര്‍ നടുന്നത് ഒഴിവാക്കുക. അതായത് വിള പരിക്രമണരീതി അവലംബിക്കണം. രോഗബാധിതമായി കണ്ടെത്തുന്ന ചെടികള്‍ വേരോടെ പിഴുത് നശിപ്പിക്കണം. തടത്തില്‍ ചപ്പിലകള്‍ കത്തിച്ചശേഷം ഒരു ശതമാനം ബോര്‍ഡോമിശ്രിതമോ രണ്ടുശതമാനം സ്യൂഡോമോണസ് മിശ്രിതമോ ഒഴിച്ചുതളിക്കണം. അതിലാണ് വിത്ത് നടേണ്ടത്. ചെടിക്ക് രണ്ടാഴ്ച പ്രായമാവുമ്പോഴും ഇതേ ലായനി ഒഴിച്ച് നനച്ചുകൊടുക്കാം.  സ്യൂഡോമോണസ് ലായനി ഇലകളിലും തണ്ടുകളിലും തളിച്ച് നനച്ച്‌കൊടുക്കുന്നതും നല്ലതാണ്. നടീല്‍ സമയത്ത് തടത്തില്‍ ഒരു ചെടിക്ക് 50ഗ്രാം തോതില്‍ വേപ്പിന്‍പിണ്ണാക്ക് ചേര്‍ക്കുന്നതും നല്ലതാണ്. ഒരിക്കല്‍ പന്തലിടാന്‍ ഉപയോഗിച്ച കയര്‍ പിന്നീടുപയോഗിക്കാതിരക്കാനും ശ്രദ്ധിക്കണം.

2)      കരിള്ളിരോഗം.
            പയര്‍ ചെടിയുടെ തണ്ടിലും ഇലയിലും കായകളിലും ചെറിയ കറുത്ത പാടുകളായാണിതിന്റെ തുടക്കം. പിന്നീട് കായകള്‍ മുരടിക്കുന്നു. വിത്തിടുന്നതിനു മുമ്പ് തടത്തില്‍ രണ്ട്  ശതമാനം ബോര്‍ഡോമിശ്രിതം ഒഴിച്ച് നനയ്ക്കണം. ചെടികളിലാകമാനം 2ശതമാനം വീര്യത്തില്‍ സ്യൂഡോമോണസ് ലായനി തളിക്കണം. വിളവെടുപ്പിന്‌ശേഷം വള്ളികളൊക്കെ കത്തിച്ച് നശിപ്പിക്കണം. അങ്ങനെയും കരിവള്ളിരോഗം തടയാം.

3)      നിമാവിരകള്‍, കുമിളുകള്‍, ബാക്ടീരിയകള്‍.
 മണ്ണ് നന്നായി കിളച്ച് വെയിലുകൊള്ളിക്കന്നതോടെ മണ്ണിലെ നിമാവിരകളും കുമിളുകളും ബാക്ടീരിയകളും നശിക്കുന്നു. വിളകളെയും സസ്യങ്ങളെയും കുമിള്‍രോഗത്തില്‍നിന്ന് രക്ഷിക്കാന്‍ സ്യൂഡോമോണസോ ബോര്‍ഡോ മിശ്രിതമോ മണ്ണില്‍ ഒഴിച്ചുകൊടുക്കാം.

4 ) ചീയല്‍രോഗം, ചുവട് വീക്കം.
                    പയറുചെടിയുടെ മുരടുഭാഗം വണ്ണം വെക്കുകയും തണ്ട് ഉണങ്ങിപ്പോവുകയും ചെയ്യുന്നതാണിത്. ഇത് ഒറ്റയ്‌ക്കൊറ്റക്കും കൂട്ടായും പയര്‍ചെടികളില്‍ കണ്ടുവരുന്നു. ഒരേ സ്ഥലത്ത് ഒരേവിള കൃഷി ചെയ്യാതെ മറ്റുവിളകളും കൃഷിയിറക്കുക. വിത്തിടുന്നതിന് മുമ്പ് ചപ്പിലക്കൂട്ടി കത്തിക്കുക. സ്യൂഡോമോണസ് ലായനകൊണ്ട് തടനം നനയ്ക്കുക.

5)മൊസൈക്ക്‌രോഗം
                  മൊസൈക്കിട്ടതുപോലെ പച്ചിലകളില്‍ മഞ്ഞ പുള്ളികള്‍ വരികയും ക്രമേണ ഇല മൊത്തം മഞ്ഞനിറമായി കരിഞ്ഞ് ഉണങ്ങിപ്പോവുകയും ചെയ്യുന്നരോഗമാണിത്. ഇതിനോടൊപ്പം കായകള്‍ വളഞ്ഞ് മുരടിക്കുന്നു. രോഗമുള്ള ചെടികള്‍ ഉടന്‍തന്നെ പിഴുത് നശിപ്പിക്കുക, ആരോഗ്യമുള്ള ചെടികളില്‍നിന്നുമാത്രം വിത്ത്‌ശേഖരണം നടത്തുക. രോഗനിയന്ത്രണത്തിനായി 4ശതമാനം വീര്യത്തില്‍ വേപ്പെണ്ണ എമല്‍ഷന്‍ തളിക്കുക, അല്ലെങ്കില്‍ ഏതെങ്കിലും വേപ്പധിഷ്ഠിത് കീടനാശിനി തളിക്കുക.

6)റസ്റ്റ്
           പയര്‍ ചെടികളുടെ വശങ്ങള്‍ തുരുമ്പുപിടിച്ചതുപോലെ ചെറിയ ചുവന്ന പാടുകളുണ്ടാവുന്നു. ഇലകള്‍ ചുരണ്ട് നശിക്കുന്നു. രോഗാരംഭത്തില്‍തന്നെ ഇത്തരം ഇലകള്‍ പറിച്ച് കത്തിച്ചുകളയുക. ഇലയും തണ്ടും മൊത്തമായും സ്യൂഡോമോണസ് ലായനി തളിക്കുക.

7)വേരു ചീയല്‍.
           പുറമേക്ക് കാണാത്തവിധം വേരുകള്‍ ചീഞ്ഞ് ചെടി വാടുന്നു. സ്യൂഡോമോണസ് ഫ്‌ളൂറസെന്റ് ഉപയോഗിച്ച് വിത്തു പരിചരണം നടത്തുക. വേപ്പിന്‍ പിണ്ണാക്ക് തടത്തില്‍ ഒരു ചെടിക്ക് 100ഗ്രാം വീതം ചേര്‍ത്തുകൊടുക്കുക.

കീടങ്ങള്‍.
  1, മുഞ്ഞ.
പയറിനെ മുഴുവനും നശിപ്പിക്കുന്ന പ്രധാന കീടമാണ് മുഞ്ഞ. സസ്യത്തിന്റെ ഇലയിലും തൂമ്പിലുനം ഇലയ്ക്കടിയിലും പറ്റിക്കിടന്ന് നീരൂറ്റികുടിക്കുന കറുത്ത കീടമാണിത്. വളരെവേഗം പെരുകുന്ന ഇത് ചെടിയെ കീഴടക്കി മൊത്തം മുരടിപ്പിക്കുന്ന. നീരൂറ്റിക്കുടിക്കന്നതുമൂലം ഇലകള്‍ ചുരണ്ട് കരിയുകയും കായകള്‍ ചുരണ്ട് ചെറുതാവുകയും ചെയ്യുന്നു. വേപ്പധിഷ്ഠിത കീടനാശിനി 5മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്നതോതില്‍ തളിക്കുക ഫ്യൂഡേറിയം പാലിഡോറോസിയം, ബ്യൂവേറിയ ബാസിയാനയെന്നീ മിത്രകുമിള്‍ ഉപയോഗിക്കുക. പുകയില കഷായം, വേപ്പിന്‍കുരു സത്ത് എന്നിവ തളിക്കുക. ഇവയാണ് നിയന്ത്രണ മാര്‍ഗങ്ങള്‍.

2. പയര്‍ചാഴി.
              പയര്‍ചാഴി പയറിന്റെ കായകളില്‍നിന്ന് നീരൂറ്റിക്കുടിക്കുന്നു. പയര്‍ ചുരുണ്ട് മടങ്ങുന്നു. വലയുപയോഗിച്ച് വണ്ടുകളെ നശിപ്പിക്കാം. വേപ്പികുരു സത്ത്‌നേര്‍പ്പിച്ചത് ബ്യൂവേറിയ ബാസീയാന എന്നിവയുപയോഗിക്കാം.
3. കായ്തുരപ്പന്‍.
        പുഴുക്കള്‍ കായ, പൂവ് എന്നിവ തുരന്ന് തിന്നുന്നു. കേടായ കായകള്‍ നശിപ്പിക്കുക. നട്ട് 40ദിവസത്തിന്‌ശേഷം വേപ്പിന്‍കുരു സത്ത് 5ശതമാനം വീര്യത്തില്‍ തളിക്കുക. പിന്നീട് 10ദിവസത്തിലൊരിക്കല്‍ തളിക്കുക. വെളുത്തുള്ളി, കായം, കാന്താരിമുളക് മിശ്രിതം 10ശതമാനം വീര്യത്തില്‍ തളിക്കുക.
ഗോമൂത്രം 10ശതമാനം വീര്യത്തില്‍ തളിക്കുക. വേപ്പിന്‍പിണ്ണാക്ക് മണ്ണില്‍ മേല്‍വളമായി ചേര്‍ക്കുക.
4. തണ്ടീച്ച.
               ഈച്ചകള്‍ ഇലപ്പരിപ്പിലും ഇലഞ്ഞെട്ടിലും തണ്ടിന്‍ മുകളിലും മുട്ടയിട്ട് അവ വിരിഞ്ഞ പുഴുകള്‍ തണ്ടിന്റെ ഉള്‍ഭാഗം തുരക്കുന്നു. വേപ്പെണ്ണ എമല്‍ഷന്‍ സമൂലം തളിക്കാം.

5. ചിത്രകീടം.
             ഇല തുളച്ച് ഉള്‍വശം തിന്നുന്ന പ്രാണികള്‍ നാശംവരുത്തുന്ന ഇലക്ക് പുറമേ വെളുത്ത ചാലുകള്‍ കാണാം. പിന്നീട് ഇല ചുരുണ്ടുപോവുന്നു. വേപ്പെണ്ണ-സോപ്പ് എമല്‍ഷന്‍ വേപ്പിന്‍കരു സത്ത്, പെരുവലം സത്ത് എന്നിവ തളിച്ച് നിയന്ത്രിക്കാം. തികച്ചും ജൈവരീതിയില്‍ വിളയിച്ചെടുക്കാന്‍ വിഷമമാണെങ്കിലും അതിന്റെ മൂല്യം അറിയുമ്പോള്‍ പല കര്‍ഷകരും അതിന് ശ്രമിച്ചുകൊണ്ടിരിക്കുന്നു.

6. ഉറുമ്പ്.
           കറുത്ത നിറത്തിലുള്ള ഉറുമ്പാണ് പയര്‍ നേരിടുന്ന മറ്റൊരു കീടം. അത് പയറിന്റെ പൂവിലെ തേന്‍കുടിക്കുകയും അങ്ങനെ പയര്‍ പൂവ് വിരിഞ്ഞ് കായപിടിക്കുന്നതിന് മുമ്പ് തന്നെ കൊഴിഞ്ഞു പോകുകയും ചെയ്യുന്നു. ഇതിനെ പ്രതിരോധിക്കാന്‍ നമുക്ക് പ്രതിരോധ പ്രാണിയായ നീറിനെ കയറ്റിവിടാം. അതിലും നില്‍ക്കുന്നില്ലങ്കില്‍ വേപ്പധിഷ്ടിത ജൈവകീടനാശിനികള്‍ ഉപയോഗിക്കാം. വേപ്പെണ്ണ എമെന്‍ഷന്‍, വേപ്പ് കീടനാശിനി എന്നിവയാണ്. ഉപയോഗിക്കുന്നത് എങ്കില്‍ തുടര്‍ച്ചായായി ഒരാഴ്ച 10 ശതമാനം വീര്യത്തില്‍ വൈകിട്ട് തളിച്ച് കൊടുക്കണം. വേല്‍കടുക്കുന്നതോടെ പൂക്കള്‍ വിരിഞ്ഞ് കായയാവാന്‍ കാത്തുനില്‍ക്കാതെ ചൂടിനാല്‍ പൊഴിഞ്ഞു പോവുന്നതും പതിവാണ്.


No comments:

Post a Comment