Saturday, March 9, 2019

പുലാസാന്‍: തേനിനെ വെല്ലുന്ന മധുരം


      കേരളത്തിലെ കാലാവസ്ഥയില്‍ നന്നായി വളരുന്ന ചെടിയാണ് ഫിലോസാന്‍. മലേഷ്യയാണ് പഴത്തിന്റെ ജന്മദേശം. കേരളത്തില്‍ പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഫിലോസാന്‍ കൃഷി ചെയ്യുന്നുണ്ട്. കാഴ്ചയില്‍ മലേഷ്യന്‍ റംബൂട്ടാനോട് സാദ്യശ്യമുള്ള പഴമാണ് ഇത്.
          നിത്യഹരിത വൃക്ഷമായ ഇതിന് 'പുലോസാന്‍'  എന്നും വിളിപ്പേരുണ്ട്. ഫിലിപ്പീന്‍സില്‍ ഇത് 'ബുലാല'  എന്ന പേരിലറിയപ്പെടുന്നു.
'പുലാസാന്‍' എന്ന പേര് വന്ന വഴി.
             പുലാസാന്‍'  എന്നത് മലയന്‍ പദമാണ്. 'പുലാസ്' എന്നാല്‍ മലയന്‍ ഭാഷയില്‍ 'ചുറ്റിത്തിരിക്കുക' എന്നര്‍ത്ഥം. വിളഞ്ഞ പഴം വിളവെടുക്കുന്ന സമയത്ത് ഒരുകൈയില്‍ പഴം കുത്തനെ പിടിച്ച് മറുകൈ കൊണ്ട് കുപ്പിയുടെ അടപ്പ് തുറക്കുന്ന രീതിയില്‍ ഒന്ന് വട്ടം തിരിച്ചാണ് ഇത് അടര്‍ത്തിയെടുക്കുന്നത്. തോട് തന്നെ വട്ടത്തില്‍ മുറിഞ്ഞ് അടര്‍ന്നു പോരുന്ന ഈ വിളവെടുപ്പ് രീതിയില്‍ നിന്നാണ് ഈ മധുരഫലത്തിന് 'പുലാസാന്‍'  എന്ന പേരു കിട്ടിയത്‌.
                തേനിനേക്കാള്‍ മാധുര്യമേറിയതാണ് ഫിലോസാന്‍. ഫിലോസാന്റെ പുറംതോടിന് നല്ല ചുവപ്പ് നിറവും ചക്കയുടെ മുള്ള് പോലെ കട്ടിയുള്ള ആവരണവുമുണ്ട്. ചെറിയ ഇലകളോട് കൂടിയ പഴക്കുലയില്‍ 10 മുതല്‍ 25 വരെ പഴങ്ങളുണ്ടാകും. ഒരു പഴത്തിന് 50-80 ഗ്രാം വരെ തൂക്കമുണ്ടാകും. മുള്ളുപോലെ ആവരണമുള്ള തൊണ്ടിനകത്താണ് വെണ്ണ നിറത്തിലുള്ള മൃദുലമായ കാമ്പ് . ഉള്ളില്‍ ചെറിയ വിത്തുമുണ്ട്. പഴത്തിന്റെ രണ്ടറ്റവും ഞെരിച്ചാല്‍ കാമ്പ് പുറത്തുവരും.
            ഫിലോസാന്റെ ബഡ്ഡ് തൈകള്‍ നടാന്‍ കിട്ടും. ഇത് എല്ലുപൊടിയും ചാണകപ്പൊടിയും അടിവളമായി ചേര്‍ത്തൊരുക്കിയ കുഴിയില്‍ നടണം. തുടര്‍ന്ന് രണ്ടോ മൂന്നോ തവണ കൂടെ ഈ വളമിടല്‍ ആവര്‍ത്തിക്കാം. ഫെബ്രുവരി മാസത്തിലാണ് ഫിലോസാന്‍ പുഷ്പിക്കുന്നത്. ജൂണ്‍-ജൂലായ് മാസമാകുമ്പോള്‍ പഴങ്ങള്‍ വിളവെടുപ്പിന് പാകമാകും.
                കട്ടിയേറിയ ഞെട്ടുള്ളതിനാല്‍ പഴം താനേ പൊഴിഞ്ഞു വീഴുകയില്ല. ബഡ്ഡു തൈകള്‍ മൂന്നാം വര്‍ഷം കായ്ക്കുമെങ്കിലും നന നിര്‍ബന്ധമാണ്. പ്രത്യേകിച്ച് വേനല്‍ക്കാലത്ത് വിത്തുപാകിയുണ്ടാക്കുന്ന തൈകള്‍ കായ്ക്കാന്‍ കൂടുതല്‍ കാലതാമസം ഉണ്ടാകുമെന്നതിനാല്‍ ബഡ്ഡു തൈകള്‍ക്കാണ് ഏറെ പ്രിയം. കീട-രോഗബാധ താരതമ്യേന കുറവാണ്. അതുകൊണ്ടുതന്നെ രാസവളങ്ങളും രാസകീടനാശിനികളും ഒഴിവാക്കിയുള്ള ജൈവകൃഷിക്ക് ഏറ്റവും ഇണങ്ങിയ ഒരു ഫലവൃക്ഷം കൂടിയാണിത്.
കേരളത്തിലെ വിപണിയില്‍ ഇന്ന് ഫിലോസാന് ആവശ്യക്കാരേറെയാണ്. ഫിലോസാന്‍ പച്ചയായി ഭക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നവരും ധാരാളം. പച്ച ഫിലോസാന് ബദാമിന്റെ സ്വാദാണ്. കട്ടിയുള്ള പുറംതോടായതിനാല്‍ ഫിലോസാന്‍ പഴത്തിന് കുറേനാള്‍ ഫാം ഫ്രെഷ് ആയി നിലനില്‍ക്കാനും പ്രകൃതി കഴിവ് നല്‍കിയിരിക്കുന്നു. 










കടപ്പാട്:- mathrubhumi / agriculture

No comments:

Post a Comment