Friday, March 9, 2018

ഉരുളക്കിഴങ്ങ് കൃഷി രീതി.


               കറി വയ്ക്കുമ്പോള്‍ ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവമാണ് ഉരുളക്കിഴങ്ങ്. രാസവളം ചേർക്കത് നമ്മക്കു തന്ന് കൃഷി ചെയ്യാം.
കൃഷി ചെയ്യാനായി വിത്ത് എവിടെ കിട്ടും എന്ന് വിഷമിക്കേണ്ട. കടയില്‍ നിന്നു വാങ്ങുന്ന ഉരുളക്കിഴങ്ങില്‍ നിന്ന് മുളച്ച ഉരുളക്കിഴങ്ങുകള്‍ വിത്തിനായി എടുക്കാം.
                മുളച്ച കിഴങ്ങുകള്‍ കിട്ടിയില്ലെങ്കില്‍ വിഷമിക്കേണ്ടതില്ല. പച്ചനിറമുള്ള കിഴങ്ങുകള്‍ മുളയ്ക്കാന്‍ സാധ്യതയുള്ളവയാണ്. കേടില്ലാത്ത, വലുപ്പമുള്ള ഉരുളക്കിഴങ്ങുകള്‍ കടയില്‍നിന്നു വാങ്ങി ഇരുട്ടുമുറിയില്‍ തറയില്‍ നിരനിരയായി വയ്ക്കുക. അവയെ നനഞ്ഞചണച്ചാക്കുകൊണ്ട് മൂടുക. ഇടയ്ക്കിടെ ചാക്ക് നനച്ചുകൊടുക്കുക. ഈര്‍പ്പം നഷ്ടപ്പെടാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. 20 ദിവസം ഇങ്ങനെ സൂക്ഷിക്കണം. അപ്പോഴേക്കും കിഴങ്ങുകളില്‍ മുള വരും.ഈ മുള വന്ന കിഴങ്ങുകള്‍ നാല് കഷ്ണങ്ങളാക്കി മുറിക്കണം. 
                    ഓരോ കഷണത്തിനും കുറഞ്ഞത് ഒരു മുളയെങ്കിലും ഉണ്ടെന്ന് ഉറപ്പു വരുത്തണം. കിളച്ച് വൃത്തിയാക്കിയ മണ്ണില്‍ വേണം കഷ്ണങ്ങളാക്കിയ ഉരുളക്കിഴങ്ങ് നടാന്‍. ഗ്രോ ബാഗിലായാലും നേരിട്ട് മണ്ണിലായാലും ഒരേ നടീല്‍ രീതി തന്നെയാണ്. അടിവളമായി ചാണകപ്പൊടി, വേപ്പിന്‍ പിണ്ണാക്ക് എന്നിവ കലര്‍ത്തിവേണം മണ്ണൊരുക്കാന്‍. കിഴങ്ങുകഷണങ്ങള്‍ ഓരോന്നും മുള മുകളിലേക്ക് വരുന്ന രീതിയില്‍ നടണം. മണ്ണിലാണെങ്കില്‍ അടുപ്പിച്ച് നടരുത്. ഒരു ഗ്രോബാഗില്‍ ഒരു കഷ്ണം വച്ചാല്‍ മതിയാകും. 
                 ആഗസ്റ്റ്, സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളാണ് ഉരുളക്കിഴങ്ങ് നടാന്‍ അനുയോജ്യമായ സമയം. വിത്തു നട്ട് 30 ദിവസം കഴിയുമ്പോഴും, 70 ദിവസം കഴിയുമ്പോഴും ചുവട്ടില്‍ മണ്ണ് കൂട്ടി വളമിടണം. ഉരുളക്കിഴങ്ങിന് വെള്ളം ആവശ്യമാണ്. വേരുകള്‍ അധികം ആഴത്തിലേക്ക് വളരാത്തതിനാല്‍ കൂടെക്കൂടെ വെള്ളം തളിച്ചു കൊടുക്കണം. വേപ്പിന്‍ പിണ്ണാക്ക് ചേര്‍ത്താല്‍ കീടങ്ങളെ അകറ്റാന്‍ സഹായകമാകും. രണ്ടാഴ്ച കൂടുമ്പോള്‍ ചാരം, ചാണകം തുടങ്ങിയ ജൈവവളങ്ങള്‍ ചേര്‍ക്കണം. നന്നായി വളര്‍ന്നു കഴിയുമ്പോള്‍ രണ്ടിഞ്ച് കനത്തില്‍ മേല്‍മണ്ണ് കയറ്റികൊടുക്കണം. ഇലകളില്‍ പുഴുക്കള്‍ ആക്രമിക്കാന്‍ സാധ്യതയുള്ളതിനാല്‍ വേപ്പെണ്ണ മിശ്രിതം ഇലകളില്‍ തളിക്കണം. 80 മുതല്‍ 120 ദിവസങ്ങള്‍ കഴിയുമ്പോള്‍ ഉരളക്കിഴങ്ങ് വിളവെടുക്കാം.






No comments:

Post a Comment