തരിശുനിലങ്ങളുള്‍പ്പെടെ
നല്ല നീര്‍വാര്‍ച്ചയുള്ള ഏതുമണ്ണിലും മാതളം വളരും. വരള്‍ച്ചയെ അതീജീവിക്കാന്‍
ശേഷിയുള്ള ഈ പഴവര്‍ഗത്തിന് ഇടത്തരം വരണ്ടകാലാവസ്‌ഥയാണ് വളര്‍ച്ചക്കു അനുയോജ്യം.
അന്തരീക്ഷ ഈര്‍പ്പം കൂടുതലുള്ള കാലാവസ്‌ഥ നന്നല്ലാത്തതിനാല്‍ കേരളത്തില്‍ ഇതിന്റെ
വാണിജ്യകൃഷിക്കു പരിമിതികളുണ്ട്. എന്നാല്‍ വരണ്ടകാലാവസ്‌ഥ നിലവിലുള്ള
പ്രദേശങ്ങളില്‍ ഇത് വാണിജ്‌്യാടിസ്‌ഥാനത്തില്‍ കൃഷി ചെയ്യാം.
ശ്രദ്ധിച്ചുപരിപാലിച്ചാല്‍ ഒന്നോ രണ്ടോ മാതളച്ചെടികള്‍ വീട്ടുവളപ്പില്‍
നട്ടുവളര്‍ത്താവുന്നതെയുള്ളു. ആകര്‍ഷകമായ പൂക്കളും പഴങ്ങളും ഉല്‍പാദിപ്പിക്കുന്ന
അലങ്കാരച്ചെടിയായി പൂന്തോട്ടത്തിലും ഇത് നടാം. 25
മുതല്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടുള്ള കാലാവസ്‌ഥയാണ്
ഇതിന് നല്ലത്. നമ്മുടെ കാലാവസ്‌ഥയില്‍ ഇല പൊഴിയുന്ന സ്വഭാവമുള്ള മാതളം
രണ്ടുമുതല്‍ നാലുമീറ്റര്‍ വരെ ഉയരത്തില്‍ വളരും. മുപ്പെത്തിയാല്‍ പഴത്തിന്
ചുവപ്പോ മഞ്ഞയോ നിറമായിരിക്കും. ഗണേഷ്, അരക്‌ട, മൃദുല, മസ്‌കറ്റ്, ജ്യോതി, റൂബി, ധോല്‍ക്കസ ഭഗവ് തുടങ്ങിയവയാണ് അത്യുല്‍പ്പാദനശേഷിയുള്ള
ഇനങ്ങള്‍. മഴക്കാലത്തിന്റെ ആരംഭത്തില്‍ തൈകള്‍ നടാം. ചെടിയുടെ തണ്ടു മുറിച്ചും ,ചെടിയുടെ തണ്ടു ചെടിയിൽ നിന്നും മുറിച്ചു മാറ്റാതെ അത്
മണ്ണിലേക്ക് വളച്ചുവെച്ച അതിൽ മണ്ണ് ഇട്ടു ഭാരമുള്ള എന്തങ്കിലും വെച്ചു അതിൽ വേരു
മുളക്കുമ്പോൾ മുറിച്ചു മാറ്റിനട്ടാലും മതി .അതും അല്ലങ്കിൽ ടിഷ്യുകള്‍ച്ചര്‍ തൈകളോ നടണം. നിലം രണ്ട്
മൂന്നു തവണ ഉഴുതു തയ്യാറാക്കണം. 5- 5
മീറ്റര്‍ അകലത്തില്‍ തൈകള്‍ നടാം. കൊമ്പുകോതല്‍ നടത്തുന്നുവെങ്കില്‍ 4-4 മീറ്റര്‍ അകലത്തിലും നടാം. കൂടുതല്‍ അടുപ്പിച്ചു നട്ട്
സാന്ദ്രത കൂടിയ ഹൈടെക് രീതിയില്‍ കൃഷി ചെയ്യുമ്പോള്‍ ഏക്കറിന് 400-500 മാതളമരങ്ങള്‍ വരെ ആദായകരമായി വളര്‍ത്താം. രണ്ടടി നീളവും
വീതിയും ആഴവുമുള്ള കുഴികളില്‍ വേണം തൈകള്‍ നടാന്‍. ആദ്യഘട്ടത്തില്‍ തൈകള്‍ക്ക്
തുടര്‍ച്ചയായി നനച്ചുകൊടുക്കണം. നാലാം വര്‍ഷത്തോടെ മരങ്ങള്‍ കായ്‌ച്ചു തുടങ്ങും.
ജലസേചനം തുടര്‍ച്ചയായി നല്‍കുമ്പോള്‍ കൊമ്പുകോതല്‍ അനിവാര്യമാണ്. ജനുവരി –
ഫെബ്രുവരി, ജൂണ്‍ – ജൂലൈ, സെപ്‌തംബര്‍ – ഒക്‌ടോബര്‍, എന്നീ
മാസങ്ങളിലാണ് മാതളം പുഷ്‌പിക്കുക. മരങ്ങള്‍ പുഷ്‌പിച്ച് അഞ്ചാറുമാസത്തിുള്ളില്‍
വിളവെടുക്കാം. കായ്‌കള്‍ മൂപ്പെത്തിയാലുടനെ വിളവെടുക്കണം. അല്ലെങ്കില്‍
വീണ്ടുകീറും,. വിപണിയില്‍ മോഹവിലയുള്ള മാതളപ്പഴം നമ്മുടെ
വീട്ടുവളപ്പുകളിലും കൃഷിചെയ്യാവുന്നതെയുള്ളു. മറ്റു പഴങ്ങളെ അപേക്ഷിച്ച് വളരെക്കാലം കേടുകൂടാതിരിക്കുന്ന
ഒന്നാണ് മാതളം.
മാതളപ്പഴത്തിന്റെയും
പഴച്ചാറിന്റെയും പഴത്തോടിന്റെയും ഔഷധഗുണങ്ങളെക്കുറിച്ച് നിരവധി പഠനറിപ്പോര്‍ട്ടുകള്‍
അടുത്തകാലത്ത് പുറത്തുവന്നതോടെ ഈ പഴത്തിന് വിപണിയില്‍ പ്രിയമേറിയിരിക്കുകയാണ്.
ആവശ്യത്തിനനുസരിച്ച് ഉല്‍പ്പാദനമില്ലാത്തതിനാല്‍ കിലോഗ്രാമിന് 100 - 150
രൂപയ്‌ക്കടുത്താണ് ഇപ്പോഴത്തെ വിപണിവില. മാതളകൃഷി വ്യാപിപ്പിക്കാന്‍ കേന്ദ്ര
ഗവണ്‍മെന്റ് ഏജന്‍സികള്‍ വലിയ പ്രോത്സാഹനം നല്‍കിയതോടെ അടുത്തകാലത്ത് ഇതിന്റെ
വാണിജ്യാടിസ്‌ഥാനത്തിലുള്ള കൃഷി വ്യാപിച്ചിട്ടുണ്ട്. മഹാരാഷ്‌ട്ര, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ബീഹാര്‍, ഗുജറാത്ത്, കര്‍ണാടക തുടങ്ങിയ സംസ്‌ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍
മാതളകൃഷി.
ജീവകം സി യുടെ ഒരു കലവറയാണ് മാതളപ്പഴം. മാതളത്തില്‍ മാത്രം
കണ്ടുവരുന്ന പൂണിക്കാല്‍ഗിന്‍ എന്ന രാസവസ്‌തു ഹൃദയത്തെയും ഹൃദയധമനികളെയും ശക്‌തിപ്പെടുത്തും.
ഒരു മികച്ച ആന്റി ഓക്‌സിഡന്റുകൂടിയാണ് ഈ രാസവസ്‌തു. ഇത് ശരീരത്തിലെ കൊഴുപ്പ്
കുറയ്‌ക്കും. രക്‌തസമ്മര്‍ദ്ദം താഴ്‌ത്തും. ജീവകം ബി വര്‍ഗത്തിലെ ഫോളിക് അമ്ലം, കാത്സ്യം, കോപ്പര്‍, മാംഗനീസ്, സള്‍ഫര്‍
എന്നിവയും മാതളത്തില്‍ അടങ്ങിയിട്ടുണ്ട്. പഴത്തിന്റെയും വേരിന്റെയും തൊലിയില്‍
മനുഷ്യശരീരത്തില്‍ നിന്നു നാടവിരകളെ നശിപ്പിക്കാന്‍ ശേഷിയുള്ള ആല്‍ക്കലോയിഡുകളുടെ
സാന്നിധ്യമുണ്ട്. ആന്റി ബയോട്ടിക്കുകളോട് പ്രതിരോധ ശേഷിയുള്ള ബാക്‌ടീരിയകള്‍
രോഗാണുക്കളെ തകര്‍ക്കാന്‍ മാതളപ്പഴത്തിന്റെ തൊലിക്കു കഴിയുമെന്നു ഒരു സംഘം ശാസ്‌ത്രജ്‌ഞര്‍
അടുത്തകാലത്ത് കണ്ടെത്തിയിരുന്നു.കാന്‍സറില്‍ നിന്ന് സംരക്ഷിക്കുന്നതിനും രോഗപ്രതിരോധ
ശേഷി വര്‍ധിപ്പിക്കുന്നതിനും മാതളപ്പഴത്തിന് ശേഷിയുണ്ട്. പഴച്ചാറിന്
ദഹസംബന്ധമായ അസുഖങ്ങള്‍ ഭേദമാക്കുന്നതിനുള്ള അപൂര്‍വ്വ സിദ്ധിയുണ്ട്.
വയറ്റിളക്കത്തിനും മറ്റ് ഉദരരോഗങ്ങള്‍ക്കും പ്രതിവിധിയാണ് ഈ ജൂസ്. നാടവിരശല്യം, കൃമിശല്യം, രക്‌തപിത്തം, അതിസാരം എന്നിവക്കെതിരെ മാതളം അത്യുത്തമമാണ്. ഒരു ഗ്ലാസ്
മാതളജൂസില്‍ ഒരു ടീസ്‌പീണ്‍ തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ദഹനസംബന്ധമായ അസുഖങ്ങള്‍
മാറും.

No comments:
Post a Comment