Saturday, February 17, 2018

നെല്ലിമരത്തിന്റെ തൈ മുളപ്പിക്കുന്ന രീതി.


                 നെല്ലിക്കയുടെ വിത്തിന് കട്ടിയുള്ള പുറന്തോടുള്ളതിനാല്‍ മുളച്ച് കിട്ടുവാന്‍ പ്രയാസമാണ്. വിത്ത് വേര്‍പെടുത്താന്‍ മൂത്ത നെല്ലിക്ക വിത്ത് പാറപ്പുറത്ത് നിരത്തി മൂന്നോ നാലോ ദിവസം വെയില് കൊള്ളിക്കുക. പുറന്തോട് പൊട്ടിവരുന്ന വിത്തുകള്‍ ശേഖരിച്ച് പാകിമുളപ്പിച്ച് തൈകളാക്കാം. ഒരു വര്‍ഷം പ്രായമായ തൈകളാണ് കൃഷി ചെയ്യുവാന്‍ ഉപയോഗിക്കുന്നത്. ഒട്ടു തൈ ഉപയോഗിച്ച് കൃഷിചെയ്താല്‍ വേഗത്തില്‍ മാതൃ വൃക്ഷത്തിന്റെ അതേഗുണത്തിലുള്ള വിളവ് ലഭിക്കും. ഒട്ടു തൈകളാണ് നടുന്നതെങ്കില്‍ ഒട്ടിച്ച ഭാഗം മണ്ണിനടിയില്‍ പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ ശിഖരങ്ങള്‍ ബലക്ഷയം മൂലം താഴുന്നത് തടയാനും ഒട്ടുതൈകള്‍ കാറ്റിലാടി ഇളക്കം തട്ടാതിരിക്കുവാനും താങ്ങുതടി കൊണ്ട് കെട്ടി നിര്‍ത്തുന്നത് നല്ലതാണ്. ചെടി തറനിരപ്പില്‍നിന്ന് ഒരു മീറ്റര്‍ വളര്‍ന്നാല്‍ ചെടിയുടെ മേലറ്റം നുള്ളിക്കളയണം.ഇങ്ങനെ ചെയ്താല്‍ കൂടുതല്‍ ശിഖരങ്ങള്‍ ഉണ്ടായി ചെടി പന്തലിച്ചുവളരും.                                                                അത്യുത്പാദനശേഷിയുള്ള ഇനങ്ങളായ ചമ്പക്കാട് ലാര്‍ജ്, ബനാറസി,  കൃഷ്ണ, കാഞ്ചന എന്നിവയാണ് പ്രധാന ഇനങ്ങള്‍. കേരളത്തിന്റെ കാലാവസ്ഥയ്ക്കും ഭൂപ്രകൃതിക്കും അനുയോജ്യമായതും ഏറെ വിപണന സാധ്യതയുള്ളതുമാണ് നെല്ലിക്ക. അധിക പരിചരണമില്ലാത്തതും കീടങ്ങളുടെ ഉപദ്രവം നന്നേ കുറഞ്ഞതും ധാരാളം വിളവുതരുന്നതുമായ നെല്ലി എല്ലാ വീട്ടിലും നട്ടുവളര്‍ത്താവുന്നതാണ്.
          സാധാരണയായി ഉപയോഗിക്കുന്ന പഴങ്ങളില്‍ ജീവകം സി.യുടെ ഏറ്റവും വലിയ കലവറയാണ് നെല്ലിക്ക. ഓറഞ്ചിലുള്ളതിന്റെ ഇരുപതിരട്ടി ജീവകം സി. നെല്ലിക്കയിലുണ്ട്. രോഗപ്രതിരോധശേഷി ഉണ്ടാകുന്നതിനും വിളര്‍ച്ചമാറ്റി ഊര്‍ജസ്വലത ഉണ്ടാക്കുവാനും നെല്ലിക്കയ്ക്ക് കഴിയും.






No comments:

Post a Comment