Sunday, March 18, 2018

പാവൽ കൃഷി (നടയിലും രോഗ കീട നിന്ത്രണങ്ങളും


                       നനയ്ക്കുന്നതിനുള്ള സൗകര്യമുണ്ടെങ്കില്‍ വര്‍ഷത്തില്‍ ഏതുസമയത്തും പാവല്‍ കൃഷി ചെയ്യാവുനന്താണ്. പ്രീതി, പ്രിയ, പ്രിയങ്ക എന്നിങ്ങനെ കേരളത്തില്‍ പ്രധാനമായും മൂന്നിനങ്ങളാണ് കൃഷി ചെയ്തുവരുന്നത്.ഒരു സെന്‍റ് പാവല്‍ കൃഷിചെയ്യുന്നതിന് 25 ഗ്രാം വിത്ത് ആവശ്യമുണ്ട്. ഒരു സെന്‍റില്‍ 10 കുഴികള്‍ എടുക്കാവുന്നതാണ്. രണ്ടു ചെടികള്‍ തമ്മില്‍ രണ്ടു മീറ്റര്‍ അഥവാ ആറടിയുടെ ഇടയകലം വേണം. ഒരു കുഴിയില്‍ നാലഞ്ച് വിത്തുകള്‍ നട്ട് വളര്‍ന്നുവരുമ്പോള്‍ ആരോഗ്യമുള്ള രണ്ടെണ്ണം മാത്രം നിലനിര്‍ത്തിയാല്‍ മതിയാകും. മൂന്നു സെന്‍റിമീറ്റര്‍ ആഴത്തിലാണ് വിത്തുകള്‍ നടേണ്ടത്.

ഇനങ്ങൾ :
പ്രിയ -നീണ്ട പച്ചനിറത്തിലുള്ള കായ്കൾ. കായുടെ അഗ്രഭാഗത്തിന് വെള്ള നിറമാണ്.

പ്രിയങ്ക - വെളുത്ത വലിപ്പമുള്ളതും പരന്ന മുള്ളുകളുള്ളതുമായ  കായ്കൾ .

പ്രീതി - ഇടത്തരം നീളമുള്ളതും മുള്ളുകൾ ഉള്ളതുമായ ഇവയുടെ നിറം വെള്ളയാണ്.

                       ചാക്കിലാണ് നടുന്നതെങ്കിൽ ഒരു ചാക്കിൽ 2-3 വിത്തുകൾ നടാം .നടുന്നതിന് തലേ ദിവസം നനഞ്ഞ കോട്ടൻ തുണിയിൽ പൊതിഞ്ഞു വച്ചിരുന്നാൽ പെട്ടന്ന് മുള പൊട്ടും.നടുന്നതിന് മുൻപ് തടത്തിൽ ഓരോ പിടി എല്ലുപൊടിയും ചാണക പ്പൊടിയും ഇട്ടു മണ്ണ് നല്ലതുപോലെ ഇളക്കണം.വള്ളി വീശി തുടങ്ങുമ്പോൾ മുതൽ ആഴ്ചയിൽ ഒരിക്കൽ വേപ്പെണ്ണ ആവണക്കെണ്ണ വെളുത്തുള്ളി മിശ്രിതം സ്പ്രേ ചെയ്തു കൊടുക്കുന്നത് നീരൂറ്റി കുടിക്കുന്ന പ്രധാനപെട്ട കീടങ്ങളായ പച്ചത്തുള്ളൻ മൊസൈക് രോഗം പരത്തുന്ന വെള്ളീച്ചകൾ എന്നിവയിൽ നിന്നും ചെടികളെ സംരക്ഷിക്കാം . ആഴ്ചയിലൊരിക്കൽ ജൈവ സ്ലറി ഒഴിച്ചുകൊടുക്കുനത് ധാരാളം കായ്കലുണ്ടാവാൻ സഹായിക്കും. ചെടി നട്ട് 45 – 50 ദിവസത്തിനുള്ളില്‍ പൂവിടുന്ന പാവല്‍ 60 – 70 ദിവസത്തിനുള്ളില്‍ വിളവെടുപ്പിന് പാകമാകുന്നു. കൃത്യമായി പരിപാലിക്കുന്ന ചെടികളില്‍നിന്ന് 3-4 മാസം വരെ വിളവെടുക്കാവുന്നതാണ്.

മൊസൈക്ക്.
             പാവലിനെ ബാധിക്കുന്ന വൈറസ് രോഗമാണിത്. രോഗം ബാധിച്ച ചെടികളുടെ ഇലകളില്‍ മഞ്ഞയും പച്ചയും കലര്‍ന്ന തടിപ്പുകള്‍ കാണുകയും ക്രമേണ ഇവ നശിച്ചുപോകുകയും ചെയ്യുന്നു. രോഗപ്രതിരോധശേഷിയുള്ള ഇനങ്ങള്‍ ഉപയോഗിക്കുക, രോഗം ബാധിച്ച ചെടികള്‍ നശിപ്പിച്ചുകളയുക, രോഗം പകരാതിരിക്കാനായി കീടങ്ങളെ നിയന്ത്രിക്കുക എന്നിവയാണ് പ്രധാന നിയന്ത്രണമാര്‍ഗ്ഗങ്ങള്‍. കീടങ്ങളെ നിയന്ത്രിക്കാന്‍ വേപ്പെണ്ണ – വെളുത്തുള്ളിമിശ്രിതമോ, വേപ്പധിഷ്ഠിത ജൈവകീടനാശിനികളോ തളിക്കാവുന്നതാണ്.

ചൂര്‍ണ്ണ പൂപ്പ് രോഗം
                   പ്രധാനമായും മഞ്ഞുകാലത്തും വേനല്‍ക്കാലത്തുമാണ് ഈ രോഗം പ്രത്യക്ഷപ്പെടുന്നത്. ഇലകള്‍ തവിട്ട് നിറമായി ഉണങ്ങിപ്പോകുന്നതാണ് പ്രധാന ലക്ഷണം. ഇതിനെതിരെ സ്യൂഡോമോണാസ് 20 ഗ്രാം /ലിറ്ററില്‍ രണ്ടാഴ്ചയില്‍ ഒരു തവണ എന്ന കണക്കില്‍ തളിക്കാവുന്നതാണ്.

കായീച്ച
           പാവല്‍ചെടിയില്‍ ആദ്യമായി കായ്പിടിച്ചു തുടങ്ങുമ്പോള്‍തന്നെ പ്രത്യക്ഷപ്പെടുന്ന കീടമാണ് കായീച്ച. കായീച്ചയുടെ പുഴുക്കള്‍ കായ് തുരന്ന് ഉള്ളില്‍ ചെന്ന് പാവയ്ക്കയെ തിന്നു നശിപ്പിക്കുന്നു. വളരെ വേഗത്തില്‍ ഇവ വര്‍ധിക്കുന്നതായും കാണാം. ഇവയുടെ ആക്രമണത്തില്‍നിന്നു പാവയ്ക്കയെ സംരക്ഷിക്കുവാന്‍ കടലാസുകൊണ്ടോ, പോളിത്തീന്‍കവറുകള്‍കൊണ്ടോ കായ്കള്‍ പൊതിഞ്ഞു സൂക്ഷിക്കാം. കായീച്ച ബാധിച്ച കായ്കള്‍ പറിച്ചെടുത്ത് നശിപ്പിച്ചു കളയുകയും വേണം. ബ്യൂവേറിയ ബാസ്സിയാന എന്ന ജീവാണു കീടനാശിനി 10 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തിലെടുത്ത് തളിക്കാവുന്നതാണ്. ഫിറമോണ്‍ കെണിയും ഫലപ്രദമാണ്.

പച്ചത്തുള്ളന്‍
          പാവലിന്‍റെ  ഇലയുടെ അരികില്‍ പറ്റിയിരുന്ന് നീരൂറ്റിക്കുടിക്കുന്ന കീടമാണ് പച്ചത്തുള്ളന്‍. ഇതിന്‍റെ ആക്രമണം മൂലം ചെടി പെട്ടെന്ന് മഞ്ഞളിച്ച്, നശിച്ചുപോകുന്നു. ഇതിനെ നിയന്ത്രിക്കുവാന്‍ രണ്ടു ശതമാനം വീര്യമുള്ള വെളുത്തുള്ളി – വേപ്പണ്ണ മിശ്രിതം ഇലകളുടെ അടിയില്‍ തളിക്കാവുന്നതാണ്. മുഞ്ഞ, മണ്ഡരി, വെള്ളീച്ച എന്നിവയുടെ ആക്രമണത്തെ നിയന്ത്രിക്കാനും വേപ്പണ്ണ- വെളുത്തുള്ളി മിശ്രിതം ഫലപ്രദമാണ്.

ആമവണ്ട്
        പാവല്‍ചെടിയുടെ ഇലകള്‍ തിന്നു നശിപ്പിച്ച് വലപോലെയാക്കുന്നു. ചിത്രകീടമാകട്ടെ ഇലയുടെ മുകളിലത്തെ ഭാഗം തിന്നു നശിപ്പിക്കുന്നു. നാല് ശതമാനം വീര്യമുള്ള വേപ്പിന്‍കുരു സത്ത് പ്രയോഗിച്ച് നിയന്ത്രിക്കാവുന്നതാണ്.

ഇലതീനിപ്പുഴുക്കള്‍
               ഇവയെ നശിപ്പിക്കുന്നതിനായി കാന്താരിമുളക് – ഗോമൂത്രമിശ്രിതം ഉപയോഗിക്കാവുന്നതാണ്.

വെള്ളീച്ച
                 വെള്ളീച്ചകള്‍ പാവലിന്‍റെ ഇലയുടെ അടിവശത്തുനിന്നു നീരുറ്റിക്കുടിക്കുന്ന കീടങ്ങളാണ്. നീരുറ്റിക്കുടിച്ച് ചെടിയെ ദുര്‍ബലമാക്കുന്നതോടൊപ്പം മൊസൈക്ക് രോഗം പരത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുകയും ചെയ്യുന്നു. അതിനാല്‍ ഇവയെ നിയന്ത്രിക്കേണ്ടത് വളരെ അത്യാവശ്യമാണ്. മഞ്ഞക്കെണികള്‍ ഉപയോഗിച്ചുകൊണ്ട് ഇവയെ ഫലപ്രദമായി നിയന്ത്രിക്കാം. തോട്ടത്തില്‍ അങ്ങിങ്ങ് മഞ്ഞനിറത്തിലുള്ള തകരഷീറ്റിലോ, പ്ലാസ്റ്റിക് പേപ്പറിലോ, ആവണക്കെണ്ണപുരട്ടി കമ്പുകളില്‍ നാട്ടി വയ്ക്കുക. അല്ലെങ്കില്‍ പന്തലില്‍ തൂക്കിയിടുകയും ചെയ്യാം. വെള്ളീച്ചകള്‍ ഇതിലേക്ക് ആകര്‍ഷിക്കപ്പെടുകയും ഇതില്‍ ഒട്ടിപ്പിടിക്കുകയും ചെയ്യും. പിന്നീട്, ഇവയെ എടുത്ത് നശിപ്പിച്ചുകളഞ്ഞാല്‍ മതിയാകും.
        
                           ഇഷ്ട്ടപ്പെട്ടാൽ..... blog ൻ്റെ side ഉള്ള "Follow" Button click ചെയ്യാൻ                                        മറക്കരുത്. Please.............
          



No comments:

Post a Comment